From the print
പ്രകൃതി ചികിത്സ: അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് മാത്രം അനുമതി
അംഗീകൃത യോഗ്യതയില്ലാത്ത പ്രകൃതി ചികിത്സകര്‍ക്ക് ബി - ക്ലാസ്സ് രജിസ്ട്രേഷന്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു.
കണ്ണൂര്‍ | കോടതി വിധികള്‍ പ്രകാരം അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ചികിത്സിക്കാന്‍ അനുമതി നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
അംഗീകൃത യോഗ്യതയില്ലാത്ത പരിചയസമ്പന്നരായ പ്രകൃതി ചികിത്സകര്‍ക്ക് 2021ലെ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമപ്രകാരം ചികിത്സാനുമതി നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് നടപടി.
കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷനും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ബി എന്‍ വൈ എസ് ബിരുദം ഉള്ളവര്‍ക്ക് മാത്രമാണ് പ്രകൃതി ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതിയുള്ളത്.
അംഗീകൃത യോഗ്യതയില്ലാത്ത പ്രകൃതി ചികിത്സകര്‍ക്ക് ബി – ക്ലാസ്സ് രജിസ്ട്രേഷന്‍ നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതായി റിപോര്‍ട്ടില്‍ പറയുന്നു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് ചികിത്സാനുമതി നല്‍കാനുള്ള പ്രത്യേക അധികാരം 2021 ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമത്തില്‍ ഇല്ല. 2021 ല്‍ നിലവില്‍ വന്ന സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരെ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. തളിപ്പറമ്പ് സ്വദേശി ഡോ. എസ് കെ മാധവന്‍ നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.