Poem
നാട്യശാസ്ത്രം
തള്ളിത്തുറന്നന്ന് അകത്ത് കയറി നിങ്ങളവളോട് കാട്ടിയ പരാക്രമങ്ങൾ മറന്ന് കാണില്ലെന്ന് താരത്തിന്റെ ചെവിയിൽ സംവിധായകൻ.
നിരാലംബയെ
കുടിലു കൈയേറി
മാനം കവർന്ന
കരുത്തനായൊരുത്തനെ
പോരാടിയൊടുവിൽ
മുട്ടുകുത്തിച്ച
നാടൻ കൃഷീവലനായ്
സ്‌ക്രീനിൽ
കസറിയ
പ്രമുഖതാരമാ-
ണിത്തവണ
മികച്ച നടൻ.
അവാർഡ്
ആഘോഷമാക്കാൻ
ഒരുക്കിയ വേദിയിൽ
കയറാൻ
പുതുമുഖ നായിക
കൂട്ടാക്കിയില്ല.
തള്ളിത്തുറന്നന്ന്
അകത്ത് കയറി
നിങ്ങളവളോട്
കാട്ടിയ
പരാക്രമങ്ങൾ
മറന്ന് കാണില്ലെന്ന്
താരത്തിന്റെ
ചെവിയിൽ
സംവിധായകൻ.
വീണ്ടും
അവളെയെന്റെ
നായികയാക്ക്
പരിഭവം
ഞാനായിട്ട്
തീർപ്പാക്കാമെന്ന്
സംവിധായകന്റെ
ചെവിയിൽ
താരം.
“നടന കലയുടെ
സാമൂഹ്യപ്രതിബദ്ധത’
ഒരു സാംസ്‌കാരികന്റെ
മുഖ്യഭാഷണ
ചാതുരിയിൽ
ലയിച്ചൊരു നിമിഷം
മൗനികളായ്
ഇരുവരും,
യോഗാനന്തരം
വിളമ്പുന്ന വിഭവങ്ങളെ-
ക്കുറിച്ചോർത്ത്
ചുണ്ടിലൊരു
നുണച്ചിരി
വിരിഞ്ഞു.
താരച്ചിരിയുടെ
ചാരുത
ആവോളം നുകർന്ന
ആരാധക
സദസ്സിന്റെ
വായിലപ്പോൾ
വെള്ളമൂറി