Kerala
മാരകായുധങ്ങളുമായി പിടിയിലായ നൗഫല്‍ റിമാന്‍ഡില്‍; ഇരട്ടക്കൊലപാതക്കേസിലും പ്രതിയെന്ന് പോലീസ്
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
പത്തനംതിട്ട | പത്തനംതിട്ടയില്‍ പിസ്റ്റള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പിടിച്ച കേസിലെ പ്രതി നൗഫലിനെ റിമാന്‍ഡ് ചെയ്തു. ഇയാളെ ഇന്നലെ രാത്രി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. അഡീഷണല്‍ എസ് പി. ബിജി ജോര്‍ജ്, നര്‍കോട്ടിക് സെല്‍ ഡി വൈ എസ് പി. കെ എ വിദ്യാധരന്‍, ഡി സി ആര്‍ ബി ഡി വൈ എസ് പി. എസ് വിദ്യാധരന്‍, പത്തനംതിട്ട ഡി വൈ എസ് പി. എസ് നന്ദകുമാര്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കസ്റ്റഡി അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
തമിഴ്നാട്ടില്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്ന് ഇന്നലെ പറഞ്ഞ നൗഫല്‍, പിന്നീട് അത് ഇരട്ടക്കൊലപാതകമായിരുന്നെന്ന് വിശദമാക്കി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷന്റെ ഭാഗമായിട്ടായിരുന്നു ഒരുവീട്ടിലെ രണ്ടുപേരെ വായില്‍ തുണി തിരുകി ശ്വാസംമുട്ടിച്ചു കൊന്നത്. 2015 ആഗസ്റ്റ് 23ന് രാത്രിയാണ് സംഭവം. വെട്ടിക്കൊന്നു എന്നാണ് ഇന്നലെ ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. സ്വര്‍ണപ്പണയത്തിന്മേല്‍ പണം കടം കൊടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെയും മാനേജരെയും വകവരുത്താനായിരുന്നു ക്വട്ടേഷന്‍ കിട്ടിയത്. സ്ഥാപന ഉടമയുടെ വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം ഇറങ്ങിവന്നത് ഒരു സ്ത്രീയായിരുന്നു. ഉടമസ്ഥന്‍ എവിടെയെന്നു ചോദിച്ചുകൊണ്ട് വീട്ടിനുള്ളില്‍ കയറിയ ഒമ്പതംഗ സംഘത്തിലെ മൂന്നുപേര്‍, അവരുടെ വായില്‍ തുണിതിരുകി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്നു സ്ഥാപന ഉടമയെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി. ഇരുവരും മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നെടുത്തു. കേസില്‍ അഞ്ചാം പ്രതിയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍, വീട്ടിനുള്ളില്‍ കടന്ന് കൊല നടത്തിയ മൂവരില്‍ ഒരാള്‍ നൗഫല്‍ ആയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. വീട്ടിനുള്ളില്‍ മൂന്നുപേര്‍ കൃത്യം നടത്തുമ്പോള്‍ രണ്ട് പ്രതികള്‍ പുറത്തുനിന്നു. ബാക്കിയുള്ളവര്‍ പുറത്തു റോഡുവക്കില്‍ ഇവരെയുമായി രക്ഷപ്പെടാന്‍ കാത്തുനിന്നു.
കേസിലെ മുഴുവന്‍ പ്രതികളെയും തമിഴ്നാട് പോലീസ് അന്വേഷണ സംഘം പിടികൂടുകയുണ്ടായി. കൊല്ലപ്പെട്ട വീട്ടുടമസ്ഥന്റെ കിടപ്പുമുറിയുടെ കിടയ്ക്കക്കടിയില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ കണ്ണില്‍ പെട്ടിരുന്നില്ല. കുറെയേറെ ക്വട്ടേഷന്‍ ഏറ്റെടുത്ത് നടത്തിയിട്ടുണ്ടെന്നും, കഞ്ചാവ് കടത്തുന്നതില്‍ പങ്കെടുത്തിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. സാമ്പത്തിക ഇടപാടുകളായി ബന്ധപ്പെട്ടുള്ള ക്വട്ടേഷന്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളാണ് സംഘം ഏറ്റെടുക്കാറ്. ഇരട്ട കൊലപാതക കേസില്‍ ഒന്നാം പ്രതി വിജി എന്നയാളാണ്.
വീട്ടുടമസ്ഥന്റെ കൈയില്‍ നിന്നും ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ വാങ്ങിയ ഡാന്‍സാഫ് സംഘം, നാല് പോലീസുദ്യോഗസ്ഥരെ വീട്ടിനുള്ളില്‍ കയറ്റിവിട്ടു. ബാക്കിയുള്ളവര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം പുറത്ത് കാത്തുനിന്നു. വാടകവീടിന്റെ ഉടമ തൊട്ടടുത്ത വീട്ടിലാണ് താമസം. അവിടെയായിരുന്നു പോലീസ് സംഘം നിലയുറപ്പിച്ചത്. അവിടെ നിന്നാല്‍ ഇരുനില വാടകവീടും പരിസരവും കൃത്യമായി കാണാവുന്ന തരത്തിലാണ്. ഓട്ടോറിക്ഷയില്‍ വീടിന് സമീപം വന്നിറങ്ങിയ പ്രതിയെ, പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. 2014 ല്‍ കഞ്ചാവ് കടത്തിയതിന് പത്തനംതിട്ടയില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട്. പ്രതി പുതിയ ക്വട്ടേഷനുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. അതിനായാണ് ഇവിടെ വാടകക്ക് കഴിഞ്ഞുവന്നത്. തമിഴ്നാട്ടിലുള്ള സംഘത്തിലെ അംഗങ്ങളുമായി പ്രതി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടെത്തി. ഇയാളുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എസ് ഐ. അനൂപ് ചന്ദ്രന്‍ എന്നിവരും നടപടികളില്‍ പങ്കാളികളായി.