Connect with us

book review

അന്വേഷണപർവങ്ങളിലെ നവദ്യുതി

വായനക്കാരെ ഒട്ടേറെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഈ സുവർണ രാജമുദ്ര തൂലികയിൽ നിന്നും ഇനിയുമേറെ വിസ്മയ മുദ്രകൾ പിറവിയെടുക്കാനുണ്ട്. അതിഭാവുകത്വമില്ലാത്ത ജീവിതകഥകളുടെ ഈ നവപർവങ്ങൾ കൂടുതൽ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും കാലാതിവർത്തിയായി തീരുകയും ചെയ്യട്ടെ!

Published

|

Last Updated

ലയാള ഭാഷയിലെ ഏറ്റവും സജീവമായ സാഹിത്യരൂപമാണ് ചെറുകഥ. പ്രമേയത്തിലും വീക്ഷണത്തിലും ആഖ്യാനശൈലിയിലും വ്യതിരിക്തത പുലർത്തുന്ന ചെറുകഥകളുടെ പൊരുളുകൾ കണ്ടെത്തുകയാണ് നാമിവിടെ. ആധുനികാവാദത്തിന്റെ കാലത്തും ആധുനികോത്തരതയുടെ കാലത്തും കഥ സംവേദനക്ഷമമായിരിക്കണം എന്ന സങ്കൽപ്പങ്ങൾക്ക് കരുത്ത് പകരുന്നവയായിരിക്കണം തന്റെ കഥകളെന്ന് കഥാകാരൻ സുരേന്ദ്രൻ മങ്ങാട്ട് ഇവിടെ നിഷ്കർഷിക്കുന്നതായി അനുഭവപ്പെടുന്നു. കഥക്ക് പിന്നിലും കഥകൾ ഉണ്ടായിരിക്കണം, അത് തനത് ഭാഷകളുടേയും വൈചിത്ര്യങ്ങളുടെ വൈകാരിക ഭാവങ്ങളേയും മനുഷ്യ കേന്ദ്രീകൃതമായി അവതരിപ്പിക്കാനും കഴിയണം എന്ന പ്രതിഭാ വിലാസം അപൂർവമാണ്.

എഴുത്തിനേക്കാളേറെ സംവേദനം ചെയ്യുന്ന കുറ്റാന്വേഷണ അനുഭവങ്ങളുണ്ട്. അപ്പോൾ ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥൻ എഴുത്തുകാരൻ ആയാലോ? സമൂഹത്തിനു മുമ്പിൽ ദൃശ്യമാകാത്ത, ഏതൊരു സത്യത്തിന്റെയും മറുഭാഗം കണ്ടെത്താൻ ആ കുറ്റാന്വേഷണ ഉദ്യോഗസ്ഥന് കഴിയും. എഴുത്തുകാരന്റെ വൈകാരികമായ സത്യസന്ധതയും ആത്മാർഥതയുമാണ് ഇവിടെ സ്പഷ്ടമാകുന്നത്. കാൽപ്പനിക മനസ്സിന്റെ പ്രയോഗ വൈശിഷ്ട്യങ്ങളുടെ ക്രമാനുഗത പുരോഗതിയും സൂക്ഷ്മസംവേദനക്ഷമതയും “കാട്ടുപന്നി’ എന്ന ഈ കഥാസമാഹാരത്തിലൂടെ വായിച്ചെടുക്കാൻ കഴിയുന്നു.

അക്ഷരങ്ങളിലൂടെ സമകാലിക ജീവിത പ്രതിസന്ധികളോട് കലഹിക്കാവുന്ന പ്രതിരോധ മൂല്യങ്ങൾക്ക് സാഹിത്യത്തിൽ എന്നും ഇടമുണ്ടാകണം. ജീവവായു പോലെ ആർജവശേഷി നിലനിർത്തുന്ന രചനകളുടെ സ്പന്ദമാണ് ഈ കഥാസമാഹാരം. ജീവിതാനുഭവങ്ങളിൽ നിന്നും വാറ്റിയെടുക്കുന്ന മാനുഷികമൂല്യബോധമാണ് ഇവിടെ കുറ്റാന്വേഷണ ഉദ്യോഗസ്ഥന്റെ എഴുത്തു ജീവിതത്തെ നയിക്കുന്നത്.

നൂറാ – ഒരു മിസ്സിംഗ് കേസ്, സ്കെച്ച്, അതിജീവിത എന്നീ കഥകളിൽ സ്ത്രീ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളെ വർത്തമാനകാലത്തിന്റെ സൂക്ഷ്മദർശിനിയിലൂടെ കഥാകാരൻ നോക്കികാണുമ്പോൾ എഴുത്ത് പൊള്ളിക്കുന്ന ഒരു ആത്മായനമാണ്. മാനവികതയിലൂന്നി നിൽക്കുന്ന ഇതിലെ എല്ലാ കഥകളിലും വിചിത്രമായ ഭ്രമകൽപ്പനകളും മനുഷ്യ ജീവിതത്തിന്റെ തുടിപ്പുകളും അനുരണനങ്ങളും വ്യക്തമായി തെളിയുന്നു.

നൂറാ – സ്ത്രീ ജീവിതത്തിന്റെ അശാന്തിതീരങ്ങളിലൂടെ ആത്മ പ്രയാണം നടത്തുന്ന സഹന വാത്സല്യത്തിന്റെ പ്രതീകം. ഒരു യുഗം കൊണ്ടുപോലും നിർവചിക്കാൻ കഴിയാത്ത മാതൃസ്നേഹത്തിന്റെ സംരക്ഷണ വലയം ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്നുവെങ്കിലും സ്ത്രീ വിരുദ്ധമായ സാമൂഹിക വ്യവസ്ഥകൾക്ക് കീഴിൽ സ്ത്രൈണ ജീവിതത്തിന്റെ ചില ഇടർച്ചകൾ ഈ രചനയിൽ ദൃശ്യമാകുന്നു.

മൻസ – ഉഷ്ണ ശീതങ്ങളിൽ തപിച്ചും കുളിർത്തും ചിറകരിയാൻ വന്നവനു നേരെ പ്രതികാരാഗ്നിയിൽ മൂർച്ചകൂട്ടിയൊരുക്കുന്നൊരു തൂലിക. പ്രതിസന്ധികളിൽ പതറാതെ ഏതൊരു ഉടൽശംഖിനേയും മുന്നോട്ടു നയിക്കുന്ന ഊർജം പകരുന്ന തന്റേടം. “ചിത്രങ്ങൾ സംസ്കാരത്തിന്റെ ചിഹ്നങ്ങൾ ആണെന്ന് പറയും, എന്നാലതിനേക്കാളേറെ സ്മരണകളുടെ അടയാളങ്ങൾ ആണ്’ ഇവിടെ എഴുത്തിലെ സർഗാത്മകത ഒരേ സമയം വ്യത്യസ്ത പെയിന്റിംഗ് ഈസലിൽ ദൃശ്യമാക്കുന്നതിൽ കഥാകാരനിലെ കുറ്റാന്വേഷകന്റെ ബഹുമുഖപ്രതിഭ അപൂർവങ്ങളിൽ അപൂർവം! ചുമരിലെ അംഗികാ ചിത്രം നാടോടി കഥകളുടെ ആവിഷ്കാരമാണെങ്കിൽ ക്യാൻവാസിലെ മൻസ ചിത്രം ജീവിത യാഥാർഥ്യങ്ങളുടെ പച്ച കത്തുന്ന ഒരു ദൃശ്യാവിഷ്കാരമാണ്.

സൃഷ്ടി, സ്ഥിതി, സംഹാരം കാലത്തിന്റെ അനിവാര്യതയാണ്; അവകാശമാണ്. കഥാപുസ്തകത്തിന്റെ ശീർഷകം നാമമായി വരുന്ന ഒരു കഥയുണ്ട് ഈ സമാഹാരത്തിൽ. ജീവിതകാമനകളും പ്രതികാരവും ചേർന്ന ഏകാധിപത്യ സാമ്രാജ്യത്തിന്റെ രഹസ്യ അറകളെ ബെലഗാവിലെ പാറക്കുഴികളിലേക്ക് പരസ്യമായി അനാവരണം ചെയ്യപ്പെടുമ്പോൾ അയാളുടെ ഹൃദ്യമായ ചിരിയിൽ മേൽവരിപ്പല്ലുകൾ കാട്ടുപന്നിയുടെ വളരുന്ന തേറ്റകളായി രൂപാന്തരം പ്രാപിക്കുന്നതിലൂടെ വായനക്കാർക്ക് കഥാകൃത്തിൽ ഒരു കുറ്റാന്വേഷകന്റെ മുഖമുദ്ര തെളിഞ്ഞു കാണാം. ഉടൽശലഭങ്ങളുടെ അപവാഹങ്ങൾ അതികഠിനമായ സന്ദേഹങ്ങൾ പങ്കു വെക്കുമ്പോൾ ഇവിടെ എഴുത്ത് ആന്തരിക സൗഖ്യ വായനക്കുള്ള ഉപാധി അല്ല.

സഹൃദയ മനസ്സുകളെ തെല്ലൊന്ന് സംഘർഷപ്പെടുത്താതെ ഇവിടെ കഥാരഥന് മുന്നോട്ടു കടന്നുപോകാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥനും വായനക്കാരനും പൊതുവായ ചില ജീവിതാനുഭവങ്ങളുണ്ടായിരിക്കും. അതിന്റെ സൂക്ഷ്മതകളിലേക്ക് സഞ്ചരിക്കുകയെന്നതാണ് ഇവിടെ എഴുത്തുകാരന്റെ ദൗത്യം. ഏകാന്തതയുടെ ദ്വീപിൽ നിന്ന് മറുതീരം തേടിയുള്ള ജീവിതപാന്ഥാവിലെ ആത്മസംഘർഷങ്ങൾ. ഏകാന്തത ആധുനിക കാലത്തെ സവിശേഷതയുമാണ്. കാഴ്ചകളും അനുഭവങ്ങളും പങ്കുവെക്കപ്പെടാൻ ആരുമില്ലാത്ത അവസ്ഥയാണ് ഏറ്റവും വലിയ സങ്കടങ്ങളിലൊന്ന്. ജീവിതകാലത്തെ സമയമെന്ന മഹാസമസ്യയുമായി ബന്ധപ്പെടുത്തുന്ന രചനയാണിത്.

പ്രതീക്ഷകൾ തേരേറുമ്പോൾ ചിറക് നഷ്ടപ്പെട്ട ഒരു പക്ഷിയുടെ ഉൾപിടച്ചിൽ അത്രമേൽ ഹതാശവും ദാരുണവുമാണെന്ന് രചയിതാവ് ഇവിടെ ഓർമപ്പെടുത്തുന്നു. ഏ ടു അറസ്റ്റഡ് – ഇവിടെ രണ്ടാംപ്രതിയായി മുദ്രകുത്തപ്പെട്ട ഒരു നിരപരാധിയുടെ അവഗണിക്കാനാകാത്ത ജീവിത ഗന്ധമുണ്ട്. ഇവിടെ നിയമം മനുഷ്യജീവിതത്തിന് വേണ്ടിയല്ല, മനുഷ്യവിജയത്തിനു വേണ്ടിയാണ്. ഉള്ളുരുക്കങ്ങളുടെ മഞ്ഞവെയിലുകൾ വീഴുന്ന വായനയിൽ നാം അൽപ്പനേരം ഇരുന്നുപോകും. സ്ഥിതപ്രജ്ഞനായ കുറ്റാന്വേഷകന്റെ ലോകബോധവും മൂല്യദർശനവും മാനുഷികതയും ഈ കഥയിൽ ആത്യന്തികമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കുടുംബജീവിതത്തിന്റെ വഴിത്താരയിൽ പങ്കിട്ട പ്രണയത്തിന്റെ കനലുകൾ വെറും ചാരമായി മാറുന്നിടത്ത് കഥ പൂർണവിരാമമിട്ട് നിർത്തുമ്പോൾ കൂമനുറക്കം ഒരു മനുഷ്യായുസ്സിലെ മാനസിക സംഘർഷങ്ങളുടെ സങ്കീർണാവസ്ഥകളെ കഥാകൃത്ത് വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടെ കോറിയിടുന്നു. ഇവിടെ പ്രണയം അമരത്വത്തിന്റെ ആർജവമായ വാക്കാകാതെ കുടുംബ ബന്ധങ്ങളുടെ ഊഷ്മളത നഷ്പ്പെടുത്തുന്ന പെണ്ണുടൽ സംസ്കൃതി ഏൽപ്പിക്കുന്ന ആഴത്തിലുള്ള ഒരു മുറിവാകുന്നു. മണലാരണ്യശേഷിപ്പുകളുടെ ശൂന്യത പേറി ജീവിതപങ്കാളിയിൽനിന്നും നേരിടേണ്ടി വന്ന വഞ്ചനയുടെ തീവ്രത മറുകരയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. വേദനകളും ദുഃഖവും വെടിഞ്ഞ് നാം ഒരു കരിദിനത്തിൽ കാലപാശത്തിൽ മുറുകുക തന്നെ ചെയ്യും. ആ അനശ്വരതയെ ആശ്ലേഷിക്കാൻ അതിനിടയിൽ സ്വകർമങ്ങളൊക്കെ ആടിത്തീർക്കണമെന്നും കഥാകൃത്ത് ആവശ്യപ്പെടുന്നു. സ്വത്വവിചാരങ്ങളുടെ കാലികവീക്ഷണങ്ങളും അപസ്വരങ്ങളും കിനാവുകളും ഉരുൾപൊട്ടിയൊഴുകുകയാണിവിടെ. ഒരു കുറ്റാന്വേഷകൻ കണ്ട ജീവിത യാഥാർഥ്യങ്ങളെയാണ് കഥാകൃത്ത് ഈ കഥാസമാഹാരത്തിലൂടെ തുറന്നുകാട്ടുന്നത്.

വായനക്കാരെ ഒട്ടേറെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഈ സുവർണ രാജമുദ്ര തൂലികയിൽ നിന്നും ഇനിയുമേറെ വിസ്മയ മുദ്രകൾ പിറവിയെടുക്കാനുണ്ട്. അതിഭാവുകത്വമില്ലാത്ത ജീവിതകഥകളുടെ ഈ നവപർവങ്ങൾ കൂടുതൽ വായിക്കുകയും ചർച്ച ചെയ്യപ്പെടുകയും കാലാതിവർത്തിയായി തീരുകയും ചെയ്യട്ടെ! ഇവിടെ അക്ഷരങ്ങളിൽ അഗ്നിജ്വാലകൾ സ്ഫുരിക്കുമ്പോഴും സാമൂഹിക തിന്മകളുടെ, സ്വാർഥതയുടെ, ചൂഷണത്തിന്റെ ആർത്തിരമ്പലുകൾക്ക് അറുതി വരുന്നില്ല. എങ്കിലും… തോരാമഴ പോലെ പെയ്യട്ടെ ഇനിയുമിനിയും ഈ അക്ഷര പെരുമഴ. എഴുത്തിലെ സർഗാത്മകത ഒട്ടും ചോർന്നു പോകാതെ ആശയങ്ങൾ ചിത്രങ്ങളിൽ പുനർജനിപ്പിക്കുന്ന രസതന്ത്രം നമ്മെ അമ്പരിപ്പിക്കുകയാണ് ഇവിടെ കീർത്തന ബാലകൃഷ്ണൻ. കഥകളിലെ ആശയങ്ങളെ കൃത്യമായ ഉടൽഭംഗിയോടെ, ചിത്രലേഖനത്തിൽ പകർത്താൻ കഴിയുന്ന ലാവണ്യചാരുതയുണ്ട്. പ്രസാധകർ പ്രിന്റ് ഹൗസ് പബ്ലിക്കേഷൻ. വില 130 രൂപ.