Connect with us

Kerala

നവീന്‍ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണമില്ല

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

Published

|

Last Updated

കൊച്ചി | കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ കെ മഞ്ജുഷയുടെ ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ഹരജി തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവിറക്കിയാണ് കോടതി നടപടി. നിലവില്‍ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും എസ് ഐ ടിയെ മാറ്റേണ്ടതില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മഞ്ജുഷയുടെ വാദം പൂര്‍ത്തിയായതിന് പിന്നാലെ വിഷയത്തില്‍ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യം എന്താണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തേ ചോദിച്ചിരുന്നു. സി ബി ഐ അന്വേഷണത്തിന് വിടാനുള്ള മതിയായ കാരണങ്ങളില്ല. എസ് ഐ ടിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലല്ലോയെന്നും നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലല്ലോയെന്നുമായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. സി ബി ഐ ഉള്‍പ്പടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരുകളുടെ കീഴിലാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കൂടിയാലോചനക്ക് ശേഷം ഇനിയെന്ത് ചെയ്യണമെന്നതില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി. സി ബി ഐ അന്വേഷണം വന്നെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് നീതി കിട്ടൂ. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. അന്വേഷണം നടക്കുന്നതേയില്ല. പ്രധാന പ്രതികളെയെല്ലാം അവര്‍ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും മഞ്ജുഷ ആരോപിച്ചു.

നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്നും ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മഞ്ജുഷ കോടതിയില്‍ വാദിച്ചിരുന്നു.

 

Latest