Kerala
നവീന്‍ ബാബുവിന്റെ മരണം: പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
പി പി ദിവ്യ ഏക പ്രതി.നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്

കണ്ണൂര്‍ | മുന്‍ എ ഡി എം കെ നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) കണ്ണൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ അധിക്ഷേപത്തില്‍ നവീന്‍ബാബു മനംനൊന്താണ് ജീവനൊടുക്കിയതെന്നും ആസൂത്രിതമായ അധിക്ഷേപമാണ് പ്രതി നടത്തിയതെന്നും പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.ഡിഐജിയുടെ അനുമതി കിട്ടിയതിന് പിന്നാലെയാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്
യാത്രയയപ്പ് യോഗത്തിലേയ്ക്ക് ക്ഷണമില്ലാതെ പോയത് നവീനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. വീഡിയോ ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലിനെ ഏര്‍പ്പാടാക്കിയത് ദിവ്യ ആണ്. സ്വന്തം ഫോണില്‍ നിന്ന് പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പ്രചരിപ്പിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന ഒന്നും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.നൂറിലേറെ പേജുള്ള കുറ്റപത്രത്തില്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം പറഞ്ഞു.പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നത്.നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെ സര്‍ക്കാര്‍ ക്വട്ടേഴ്‌സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.