Kerala
നവീന്‍ ബാബുവിന്റെ മരണം: ടി വി പ്രശാന്തന്റെ മൊഴിയെടുത്ത് പോലീസ്
പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.
കണ്ണൂര്‍ | കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍, കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ ടൗണ്‍ പോലീസാണ് മൊഴിയെടുത്തത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായ പ്രശാന്തന്‍, ശ്രീകണ്ഠപുരം നെടുവാലൂരില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പെട്രോള്‍ പമ്പ് തുടങ്ങാനാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, ഇതിന് എന്‍ ഒ സി ലഭിക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നാണ് പരാതി.
ഇക്കാര്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രശാന്ത് പറയുന്നു.