Kerala
നവീന്‍ ബാബുവിന്റെ മരണം: മുന്‍കൂര്‍ ജാമ്യം തേടി പി പി ദിവ്യ
യാത്രയയപ്പു യോഗത്തിലെ തന്റെ സംസാരം സദുദ്ദേശപരമായിരുന്നു. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ട്. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും ദിവ്യ.
കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.
ജില്ലാ കലക്ടറാണ് തന്നെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിച്ചതെന്ന് ഹരജിയില്‍ പറഞ്ഞു. യോഗത്തിലെ തന്റെ സംസാരം സദുദ്ദേശപരമായിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തിലെ പ്രസംഗം കോടതിയില്‍ തെളിവായി ഹാജരാക്കി.
നവീനിനെതിരെ കൂടുതല്‍ ആരോപണങ്ങളും ദിവ്യ ഉന്നയിച്ചു. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും ദിവ്യ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ ഉള്‍പ്പെടെ വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങളും പരിശോധിക്കണമെന്നും ദിവ്യ പറഞ്ഞു.