National
നവീന്‍ ബാബുവിന്റെ മരണം: സി ബി ഐ അന്വേഷണാവശ്യം സുപ്രീം കോടതി തള്ളി
എല്ലാ കേസുകളും സി ബി ഐ അന്വേഷണത്തിന് വിടാന്‍ സാധിക്കില്ല

ന്യൂഡല്‍ഹി | കണ്ണൂര്‍ എ ഡി എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബഞ്ച് തള്ളിയത്. എല്ലാ കേസുകളും സി ബി ഐ അന്വേഷണത്തിന് വിടാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
കേസില്‍ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വളരെ ഹ്രസ്വമായ വാദം കേട്ടതിന് പിന്നാലെ മഞ്ജുഷയുടെ ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു. മഞ്ജുഷക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സുനില്‍ ഫെര്‍ണാണ്ടസും അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബുവുമാണ് ഹാജരായത്.
സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തേ ഹൈക്കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.