Connect with us

From the print

നവീന്‍ ബാബുവിന്റെ ആത്മഹത്യ; റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ പോലീസ് തേടുന്നു

ദിവ്യയുടെ ജാമ്യഹരജിയില്‍ ഇന്ന് വിധി. നവീന്‍ ബാബുവിന്റെ ഭാര്യയുടെ മൊഴിയെടുക്കും.

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങള്‍ക്കായി പോലീസ് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ മൊഴിയെടുക്കും. കലക്ടര്‍ ഉള്‍പ്പെടെ സംഭവവുമായി ബന്ധപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്ത എ ഗീത, എ ഡി എമ്മിന് വീഴ്ചയുണ്ടായില്ലെന്നാണ് റിപോര്‍ട്ട് നല്‍കിയത്.

പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ഇന്നാണ് വിധി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇന്നത്തെ വിധി പി പി ദിവ്യക്ക് നിര്‍ണായകമാണ്. ജാമ്യം ലഭിക്കുകയാണെങ്കില്‍ നിബന്ധനകള്‍ ഉണ്ടെങ്കില്‍ അവ പാലിച്ച് ഇന്നു തന്നെ ദിവ്യ പുറത്തിറങ്ങും. വിധി മറിച്ചാണെങ്കില്‍ മേല്‍ക്കോടതികളെ സമീപിച്ച് വിധി വരുന്നതുവരെ ജയിലില്‍ കഴിയേണ്ടി വരും. കണ്ണൂര്‍ പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് ഒക്ടോബര്‍ 29 മുതല്‍ ദിവ്യ കഴിയുന്നത്.

ആത്മഹത്യാ പ്രേരണ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അടുത്ത ദിവസം തന്നെ പത്തനംതിട്ടയിലെത്തി ഭാര്യ മഞ്ജുഷയുടെ മൊഴിയെടുക്കും. ജാമ്യാപേക്ഷയിലെ വാദത്തില്‍ ഭാര്യയുടെ മൊഴിയെടുത്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ മൊഴിയെടുക്കാനുള്ള തീരുമാനം. എ ഡി എമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നാണ് പി പി ദിവ്യയും കോടതിയില്‍ ആവശ്യപ്പെട്ടത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ കലക്ടറുടെ മൊഴി വീണ്ടും എടുക്കുന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ച നടന്നതായാണ് അറിയുന്നത്. ഇന്നത്തെ വിധി വന്നതിനുശേഷം മൊഴിയെടുക്കാനാണ് സാധ്യത. ഒക്ടോബര്‍ നാല് മുതല്‍ 15 വരെയുള്ള നവീന്‍ ബാബുവിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. നാലിന് സ്ഥലംമാറ്റ ഉത്തരവിറങ്ങിയ എ ഡി എം ആറിന് പ്രശാന്തിനെ കണ്ടത് എന്തിന്, സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥന്‍ തിടുക്കപ്പെട്ട് ഒന്പതിന് വിവാദ പെട്രോള്‍ പമ്പിന് അനുമതി നല്‍കിയത് എന്തുകൊണ്ട്, വിവാദ പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം എ ഡി എം സന്ദര്‍ശിച്ചിരുന്നോ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.