Kerala
കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല; ചേംബറിലെത്തി കണ്ടെന്ന മൊഴി വിശ്വസിക്കില്ല: മഞ്ജുഷ
കേസില്‍ നിയമപരമായ എല്ലാ സാധ്യതയും തേടും
പത്തനംതിട്ട| കണ്ണൂര്‍ കലക്ടര്‍ക്കെതിരെ മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബു ചേംബറിലെത്തി കലക്ടറെ കണ്ടെന്ന മൊഴി വിശ്വസനീയമല്ല.കലക്ടറോട് നവീന്‍ ബാബുവിന് യാതൊരുവിധ ആത്മബന്ധവുമില്ലെന്നും മഞ്ജുഷ പറഞ്ഞു.
കലക്ടര്‍ പറയുന്നത് വെറും നുണയാണ്. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്.
സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത കലക്ടറോട് നവീന്‍ബാബു ഒന്നും തുറന്നു പറയില്ല. മറ്റ് കലക്ടര്‍മാരുമായി നല്ല ബന്ധമുണ്ടായിരുന്നു. എന്നാല്‍ കണ്ണൂര്‍ കലക്ടര്‍ പറഞ്ഞതുപോലെ ഒരു ആത്മബന്ധവും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നില്ല.
നീതിക്കായി ഏതറ്റം വരെയും പോകും.കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനമെന്നും മഞ്ജുഷ പറഞ്ഞു.
തനിക്കു തെറ്റു പറ്റിയെന്ന് നവീന്‍ ബാബു തന്നോടു പറഞ്ഞെന്ന് കണ്ണൂര്‍ കലക്ടര്‍ നല്‍കിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. കലക്ടറുടെ മൊഴി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് അറസ്റ്റിലായ പി പി ദിവ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.