Connect with us

editorial

നവീന്‍ ബാബു രാഷ്ട്രീയ ഹുങ്കിന്റെ ഇര

മാന്യവും പക്വവുമായിരിക്കണം അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പെരുമാറ്റവും പ്രവര്‍ത്തനവും. സമചിത്തതയോടെയായിരിക്കണം ആരെയും ഏത് വേദികളെയും അവര്‍ സമീപിക്കേണ്ടത്. ഏത് കാര്യത്തിലും നിയമം അനുശാസിക്കുന്ന വഴിയേ സ്വീകരിക്കാവൂ.

Published

|

Last Updated

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ രാജിക്കു വേണ്ടിയുള്ള മുറവിളി സംസ്ഥാന രാഷ്ട്രീയ-സാമൂഹിക തലങ്ങളില്‍ ശക്തമാണ്. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിനുത്തരവാദിയായ ദിവ്യയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധം വന്‍ പ്രതിഷേധത്തിനാണ് കണ്ണൂര്‍ നഗരം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചത്. ദിവ്യയെ ഇനിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും യുവജന, സര്‍വീസ് സംഘടനകളും രംഗത്തിറങ്ങിയിരിക്കുകയാണ്.

കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു നവീന്‍ ബാബുവിന്. കണ്ണൂര്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍, ക്ഷണിക്കപ്പെടാതെ എത്തി പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആരോപിക്കപ്പെടുന്നത്. സത്യസന്ധനും അഴിമതിരഹിതനുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന നവീന്‍ ബാബുവിനെ അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ദിവ്യയുടെ പ്രസംഗം. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് ധ്വനിപ്പിക്കുന്ന തരത്തിലാണ് പൊതുസദസ്സില്‍ നവീന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ ദിവ്യ പ്രസംഗിച്ചത്. ഇത് സൃഷ്ടിച്ച മാനസികാഘാതവും പ്രയാസവുമാണ് നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

നവീന്‍ ബാബുവുമായി അടുത്ത് ബന്ധപ്പെട്ടവര്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും നവീന്‍ ബാബുവിനെക്കുറിച്ച് റവന്യൂ വകുപ്പില്‍ ഇതുവരെ മോശമായ അഭിപ്രായമോ പരാതിയോ ലഭിച്ചിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറയുന്നു. വകുപ്പിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏത് പാതിരാത്രിയിലും ഏത് വിഷയത്തിലും കര്‍മനിരതനായി വര്‍ത്തിച്ചിരുന്ന വ്യക്തിത്വമാണ് നവീന്‍ ബാബുവെന്നാണ് വിഴിഞ്ഞം സീപോര്‍ട്ട് എം ഡി ദിവ്യ എസ് അയ്യര്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചത്. പത്തനംതിട്ടയില്‍ നവീന്‍ ബാബു തന്റെ കീഴില്‍ തഹസില്‍ദാറായി പ്രവര്‍ത്തിച്ച കാലത്തെ സ്മരിച്ചു കൊണ്ടാണ് അവര്‍ പ്രതികരിച്ചത്.

സമൂഹ മധ്യത്തില്‍ സത്യസന്ധരും നല്ലവരുമായ ഉദ്യോഗസ്ഥരുടെ രഹസ്യജീവിതം പലപ്പോഴും അങ്ങനെയായിരിക്കണമെന്നില്ല. അഴിമതിക്കാരും സ്വഭാവ ദൂഷ്യത്തിന്റെ അടിമകളുമായിരിക്കാം അവര്‍. എങ്കില്‍ തന്നെയും അത്തരമൊരു ഉദ്യോഗസ്ഥന്‍ അഴിമതി നടത്തിയതായി ആരോപണമുയര്‍ന്നാല്‍ അത് കൈകാര്യം ചെയ്യാന്‍ മാന്യവും നിയമവിധേയവുമായ വഴികളാണ് അവലംബിക്കേണ്ടത്. ഉത്തരവാദപ്പെട്ട കേന്ദ്രത്തില്‍ കാര്യം ഉണര്‍ത്തുകയും അന്വേഷണം നടത്തി അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും വേണം. അന്വേഷണത്തില്‍ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്ത് നിന്ന് മാറ്റാവുന്നതുമാണ്.

അതല്ലാതെ സ്ഥലം മാറ്റം ലഭിച്ച ഒരു ഉദ്യോഗസ്ഥന് സഹപ്രവര്‍ത്തകരും സ്‌നേഹ ജനങ്ങളും നല്‍കുന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പോലുള്ള ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവര്‍ അനധികൃതമായി കടന്നു കയറി, ആക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് അപകീര്‍ത്തിപ്പെടുത്തുന്നത് അമാന്യവും അധികാര ദുര്‍വിനിയോഗവും സാമാന്യ മര്യാദക്ക് നിരക്കാത്തതുമാണ്.

മാന്യവും പക്വവുമായിരിക്കണം അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ പെരുമാറ്റവും പ്രവര്‍ത്തനവും. സമചിത്തതയോടെയായിരിക്കണം ആരെയും ഏത് വേദികളെയും അവര്‍ സമീപിക്കേണ്ടത്. ഏത് കാര്യത്തിലും നിയമം അനുശാസിക്കുന്ന വഴിയേ സ്വീകരിക്കാവൂ. പൊതുവേദിയില്‍ വെച്ച് ഒരു വ്യക്തിയെയും താറടിക്കരുത്. എന്തോ വ്യക്തിവിദ്വേഷം തീര്‍ക്കുന്ന മട്ടിലായിരുന്നു ദിവ്യയുടെ പ്രവര്‍ത്തനമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

അല്ലായിരുന്നുവെങ്കില്‍ ക്ഷണിക്കപ്പെടാത്ത ചടങ്ങില്‍ വലിഞ്ഞു കേറിവന്ന് നവീന്‍ ബാബുവിനെ അവഹേളിച്ചത് എന്തിനായിരുന്നു? ഇത് അപക്വവും അമാന്യവുമാണെന്ന വിമര്‍ശം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് മാത്രമല്ല, സി പി എം കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. മോശമായിപ്പോയി പി പി ദിവ്യയുടെ പെരുമാറ്റവും യാത്രയയപ്പ് യോഗത്തിലെ പരാമര്‍ശവുമെന്നാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും ഒന്നാം പിണറായി സര്‍ക്കാറിലെ ആരോഗ്യ മന്ത്രിയുമായിരുന്ന ശ്രീമതി ടീച്ചര്‍ പ്രതികരിച്ചത്. സി പി എം പത്തനംതിട്ട ജില്ലാ ഘടകവും സി പി എം അനുകൂല സര്‍വീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റും ദിവ്യയുടെ പ്രവൃത്തിയില്‍ അതൃപ്തിയും വിമര്‍ശവും രേഖപ്പെടുത്തി. യാത്രയയപ്പ് യോഗത്തിലും അനുശോചന യോഗത്തിലും വ്യക്തികളുടെ നല്ല വശങ്ങള്‍ മാത്രമാണ് പറയാറുള്ളതെന്നും തീര്‍ത്തും അനുചിതമായി ദിവ്യയുടെ നടപടിയെന്നുമാണ് പാര്‍ട്ടി ജില്ലാ ഘടകത്തിന്റെ പ്രതിഷേധക്കുറിപ്പില്‍ പറയുന്നത്.

രാഷ്ട്രീയ, ഭരണ രംഗത്തെ പ്രമുഖരില്‍ നിന്ന് പലപ്പോഴും പ്രകടമാകാറുണ്ട് ഇത്തരം പെരുമാറ്റ ദൂഷ്യവും അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും. തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗത നിയമം ലംഘിച്ച് കെ എസ് ആര്‍ ടി സി ബസിനെ മറികടക്കാന്‍ ശ്രമിച്ചതും കെ എസ് ആര്‍ ടി സി ഡ്രൈവറോടുള്ള മേയറുടെ മോശം പെരുമാറ്റവും ഏറെ വിവാദമായതാണ്. പാര്‍ട്ടിക്കകത്ത് തന്നെ വിമര്‍ശിക്കപ്പെട്ട പ്രസ്തുത സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് കണ്ണൂരിലെ യാത്രയയപ്പ് യോഗത്തിലെ ദിവ്യയുടെ കടന്നുകയറ്റവും മോശം പരാമര്‍ശങ്ങളും. സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സി പി എമ്മിനും ഇടതുമുന്നണിക്കും രാഷ്ട്രീയമായി ക്ഷീണം സൃഷ്ടിക്കുന്നതാണ് ഈ സംഭവം.

ജനവികാരം കണക്കിലെടുത്ത് അധികാര സ്ഥാനത്ത് നിന്ന് അവരെ മാറ്റിയില്ലെങ്കില്‍ തിരഞ്ഞെടുപ്പുകളില്‍ അത് പ്രതിഫലിക്കാനിടയുണ്ട്. എന്ത് ധാര്‍ഷ്ട്യവും കാണിക്കാനുള്ള ലൈസന്‍സാകരുത് അധികാര രാഷ്ട്രീയം.