Kerala
തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നും കലക്ടര്‍
സത്യം സത്യമായി പറയാതിരിക്കാനാവില്ല
കണ്ണൂര്‍ | തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്‍. സത്യം സത്യമായി പറയാതിരിക്കാനാവില്ല . കോടതി വിധിയിലുള്ള കാര്യങ്ങള്‍ ശരിയാണ്. തന്റെ മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ല. അന്വേഷണത്തെ ബാധിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല.
തനിക്ക് കാര്യങ്ങള്‍ പറയാന്‍ പരിമിതിയുണ്ട്. തനിക്കെതിരെയുള്ള ആരോപണത്തിലും അന്വേഷണം നടക്കട്ടെ. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല.
നവീന്‍ സംസാരിച്ചതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ല. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കോടതി വിധിയിലുള്ള കാര്യങ്ങള്‍ പുറത്തുവന്നതിനപ്പുറം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് പറയേണ്ട ഭാഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. നവീന്റെ കുടുംബം തനിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കട്ടെയെന്നും അരുണ്‍ കെ വിജയന്‍ പ്രതികരിച്ചു
തനിക്കു തെറ്റുപറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞതായി കലക്ടര്‍ അരുണ്‍ കെ വിജയന്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയുള്ള വിധിന്യായത്തിന്റെ 34-ാം പേജിലാണ് കലക്ടറുടെ മൊഴി പരാമര്‍ശിക്കുന്നത്. എന്നാല്‍ തെറ്റുപറ്റിയെന്നു പറയുന്നത് കൈക്കൂലിയോ മറ്റെന്തെങ്കിലും അഴിമതിയോ നടത്തിയതായുള്ള സമ്മതമാകില്ലെന്ന് വ്യക്തമാക്കി കോടതി കലക്ടറുടെ മൊഴി തള്ളുകയായിരുന്നു.