National
'സിദ്ദു പണത്തിന് വേണ്ടി അമ്മയെ ഉപേക്ഷിച്ച ക്രൂരന്‍'; ഗുരുതര ആരോപണങ്ങളുമായി സഹോദരി
1986 ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയേയും തന്നെയും സിദ്ദു പുറത്താക്കിയതായി സുമന്‍ തുര്‍
ചാണ്ഡിഘഡ് | പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ സഹോദരി രംഗത്ത്. വാര്‍ദ്ധക്യത്തില്‍ പണത്തിനുവേണ്ടി അമ്മയെ ഉപേക്ഷിച്ച ക്രൂരനായ വ്യക്തിയാണ് സിദ്ദുവവെന്ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരി സുമന്‍ തുര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
1986 ല്‍ അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയേയും തന്നെയും സിദ്ദു പുറത്താക്കിയതായി സുമന്‍ തുര്‍ പറഞ്ഞു. അമ്മ 1989ല്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് മരിച്ചത്. നാല് മാസം അമ്മ ആശുപത്രിയിലായിരുന്നുവെന്നും അതിന്റെ രേഖാമൂലമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞു.
സ്വത്തിന് വേണ്ടിയാണ് സിദ്ധു തങ്ങളുമായുള്ള ബന്ധം വിച്ഛേദിച്ചത്. പെന്‍ഷനു പുറമെ വീടും സ്ഥലവും ഉള്‍പ്പെടെ സ്വത്തുക്കള്‍ അച്ഛനുണ്ടായിരുന്നു. അത് തട്ടിയെടുക്കാനായിരുന്നു ശ്രമം. തങ്ങള്‍ക്ക് സിദ്ദുവില്‍ നിന്ന് പണമൊന്നും ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.