Connect with us

National

മര്‍ദനമേറ്റ് ഒരാള്‍ മരിച്ച കേസില്‍ നവ് ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ

34 വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷാ വിധി

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റ്സ്മാനും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിന്ധുവിന് റോഡ് റേസിംഗ് കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ. കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിയില്‍ മര്‍ദനമേറ്റ് ഒരാള്‍ മരിച്ച കേസിലാണ് ശിക്ഷ. 34 വര്‍ഷം മുമ്പുള്ള കേസിലാണ് ശിക്ഷാ വിധി.

1988 ഡിസംബര്‍ 27ന് പട്യാലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സിദ്ദുവിന്റെ മര്‍ദനമേറ്റ് ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. തലയ്ക്കേറ്റ ക്ഷതവും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ഈ കേസില്‍ രൂപീകരിച്ച ഡോക്ടര്‍മാരുടെ ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

ഈ കേസില്‍ 2006ല്‍ നവജ്യോത് സിങ് സിദ്ദുവിനെ ഹൈക്കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യയ്ക്കാണ് സിദ്ധുവിനെയും മറ്റൊരാളെയും ശിക്ഷിച്ചത്. ഈ തീരുമാനത്തെ അദ്ദേഹം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. കോടതി ശിക്ഷ ആയിരം രൂപ പിഴയായി ലഘൂകരിച്ചു. ഇതിനെതിരെ ഇരയുടെ കുടുംബം സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് സിദ്ദുവിനെ വീണ്ടും ശിക്ഷിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം സിദ്ദു രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചു. 2009ലും വിജയിച്ചു. 2017 ജനുവരിയിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 

Latest