National
തെലങ്കാനയില്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ നാവികസേന എത്തും
നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക.

ഹൈദരാബാദ്|തെലങ്കാന നാഗര്‍ കുര്‍ണൂല്‍ തുരങ്കത്തില്‍ മണ്ണിടിഞ്ഞ് അടിയില്‍പ്പെട്ട എട്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിന് നാവികസേന എത്തും. നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക. സ്ഥലത്തെ ചളി രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ശനിയാഴ്ച രാവിലെയാണ് നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ മുകള്‍ഭാഗം ഇടിഞ്ഞുവീണ് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയത്. തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴായിരുന്നു അപകടം. മേല്‍ക്കൂരയിലെ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി 18നാണ് തുറന്നത്.