Connect with us

National

നവാബ് മാലിക്കിന് മുംബൈ സ്ഫോടനക്കേസ് പ്രതികളുമായി ബന്ധമുണ്ട്; തെളിവുകളുമായി ഫഡ്നാവിസ്

നവാബ് മാലികിന് അധോലോകവുമായി ബന്ധമുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ട്. അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.

Published

|

Last Updated

മുംബൈ| മുംബൈ സ്ഫോടനക്കേസി(1993)ലെ പ്രതികളുമായി മന്ത്രി നവാബ് മാലിക്കിന് ബന്ധമുണ്ടെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. ഇതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്നും പോലീസിനോ എന്‍ഐഎക്കോ തെളിവുകള്‍ നല്‍കാമെന്നും ഫഡ്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ബിനാമി സലീം പട്ടേല്‍, മുംബൈ സ്ഫോടനക്കേസിലെ പ്രതി ബാദുഷാ ഖാന്‍ എന്നിവരില്‍ നിന്ന് നവാബ് മാലിക് 2005ല്‍ കുര്‍ളയില്‍ 2.8 ഏക്കര്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ഇത് സോളിഡസ് പ്രൈമറ്റ് ലിമിറ്റിഡിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് നവാബ് മാലിക്കിന്റെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. കമ്പനിയില്‍ നിന്ന് രാജിവെച്ച ശേഷമാണ് നവാബ് മാലിക് മന്ത്രിയാവുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.

സലീം പട്ടേലിനെ നവാബ് മാലിക്കിന് അറിയാമായിരുന്നിട്ടും ഭൂമി വാങ്ങി. നവാബ് മാലികിനും അധോലോകവുമായി ബന്ധമുണ്ട്. ഇത്തരത്തില്‍ നാല് ഇടപാടുകള്‍ നടന്നിട്ടുണ്ട്. ഇതെല്ലാം അടങ്ങുന്ന രേഖ തന്റെ കയ്യിലുണ്ടെന്നും അധികൃതര്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനും വിവരങ്ങള്‍ നല്‍കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

ഫഡ്നാവിസിന് മയക്കുമരുന്ന് വില്‍പ്പനക്കാരുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞയാഴ്ച നവാബ് മാലിക് ഉന്നയിച്ചിരുന്നു. മയക്കുമരുന്ന് കേസ് പ്രതിയോടപ്പം ഫഡ്നാവിസ് നില്‍ക്കുന്ന ഫോട്ടോയും മാലിക് പുറത്തുവിട്ടിരുന്നു. എന്നാല്‍ നവാബ് മാലിക്കിനാണ് അധോലോക ബന്ധമെന്നും താന്‍ ഇത് തുറന്ന് കാട്ടുമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.

 

Latest