Business
ഗോ ഫസ്റ്റിന്റെ പാപ്പരത്ത അപേക്ഷ എന്‍സിഎല്‍ടി അംഗീകരിച്ചു
ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ സ്വമേധയാ പാപ്പരത്ത സംരക്ഷണം തേടുന്നത് ഇതാദ്യമാണ്.
ന്യൂഡല്‍ഹി| സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ സ്വമേധയാ പാപ്പരത്തത്തിനുള്ള അപേക്ഷ ബുധനാഴ്ച നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) അംഗീകരിച്ചു. ഇതോടെ, കുടിശ്ശിക വരുത്തിയ എയര്‍ലൈനിന്റെ ആസ്തികള്‍ക്കും പാട്ടങ്ങള്‍ക്കും വാടകക്കാരില്‍ നിന്നും വായ്പ നല്‍കിയവരില്‍ നിന്നും മൊറട്ടോറിയത്തിന് കീഴില്‍ സംരക്ഷണം അനുവദിച്ചു. ഒരു ഇന്ത്യന്‍ എയര്‍ലൈന്‍ സ്വമേധയാ പാപ്പരത്ത സംരക്ഷണം തേടുന്നത് ഇതാദ്യമാണ്. അധ്യക്ഷന്‍ ജസ്റ്റിസ് രാമലിംഗം സുധാകര്‍, എല്‍എന്‍ ഗുപ്ത എന്നിവരടങ്ങിയ രണ്ടംഗ എന്‍സിഎല്‍ടി ബെഞ്ച് കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ് (സിഐആര്‍പി) ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി.
ഒപ്പം ഒരു ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണല്‍ ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ മാനേജ്‌മെന്റിലേക്ക് ഉടന്‍ എത്തും. എന്‍സിഎല്‍ടി ബെഞ്ച് അഭിലാഷ് ലാലിനെ എയര്‍ലൈന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലായി നിയമിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഗോ ഫസ്റ്റിന്റെ മുന്‍ മാനേജ്മെന്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ എയര്‍ലൈനിന്റെ പദവി നിലനിര്‍ത്താന്‍ ഇടക്കാല റെസല്യൂഷന്‍ പ്രൊഫഷണലിന് പിന്തുണ നല്‍കാന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെലവുകള്‍ക്കായി 5 കോടി രൂപ ഐആര്‍പിയില്‍ നിക്ഷേപിക്കാനും ഗോ ഫസ്റ്റ് മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആര്‍ബിട്രേഷന്‍ നടപടികള്‍ തുടരുന്നതിനാല്‍ എയര്‍ലൈനിലെ ഒരു ജീവനക്കാരെയും പിരിച്ചുവിടാന്‍ കഴിയില്ലെന്ന് എന്‍സിഎല്‍ടി അറിയിച്ചു. ഇത് ഗോ ഫസ്റ്റിന്റെ ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ മെയ് 19 വരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ഗോ ഫസ്റ്റ് അറിയിച്ചു.