Uae
രാജ്യം കാലാവസ്ഥാ പരിവര്‍ത്തന കാലയളവിലെന്ന് എന്‍ സി എം
ഇന്നലെ മുതല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ താപനില കുറയാന്‍ ഇടയാക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) യിലെ കാലാവസ്ഥാ നിരീക്ഷകന്‍ വ്യക്തമാക്കി.
ദുബൈ| പരിവര്‍ത്തന കാലയളവ് തുടരുന്നതിനാല്‍ യു എ ഇയില്‍ വരും ദിവസങ്ങളില്‍ ദ്രുതഗതിയിലുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് അധികൃതര്‍. തിങ്കളാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും ഉണ്ടായി. എന്നാല്‍ ഇന്നലെ മുതല്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ താപനില കുറയാന്‍ ഇടയാക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍ സി എം) യിലെ കാലാവസ്ഥാ നിരീക്ഷകന്‍ വ്യക്തമാക്കി.
വായുവിലെ ഈര്‍പ്പത്തിന്റെ അളവ് ക്രമേണ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധനായ ഡോ. അഹ്്മദ് ഹബീബ് പറഞ്ഞു. വരും ദിവസങ്ങളില്‍ അല്‍ ഐനിന്റെ ചില ഭാഗങ്ങളിലും അല്‍ ദഫ്്‌റയുടെ മധ്യ, തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ ഭാഗങ്ങളില്‍ ഫുജൈറക്ക് സമീപമുള്ള പര്‍വതപ്രദേശങ്ങളിലും മഴക്ക് സാധ്യതയുണ്ട്. വേഗമേറിയതും പ്രധാനപ്പെട്ടതുമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് ഈ പരിവര്‍ത്തന കാലഘട്ടത്തിന്റെ സവിശേഷതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരത്കാലത്തില്‍ നിന്ന് ശൈത്യകാലത്തേക്ക് കാലാവസ്ഥ ക്രമേണ മാറുമ്പോള്‍, ഭൂമിയുടെ ഉപരിതലത്തിലെ താപനില ചൂടിനും തണുപ്പിനും ഇടയിലായിരിക്കും. എന്നാല്‍ പകല്‍ സമയത്ത്, സൂര്യന് ഇപ്പോഴും ചൂട് ഉണ്ടാവും. രാത്രിയില്‍ താപനില ഗണ്യമായി കുറഞ്ഞേക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.