Connect with us

From the print

എന്‍ സി പിയുടെ 'ക്ലോക്ക് ' അജിത് പവാര്‍ വിഭാഗത്തിന് തന്നെ

തിരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിന് തന്നെ ഉപയോഗിക്കാമെന്ന് സുപ്രീം കോടതി.

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ സി പിയുടെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ ‘ക്ലോക്കി’ന് വേണ്ടി ശരദ് പവാര്‍ വിഭാഗം എന്‍ സി പി നടത്തിയ നീക്കത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. തിരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം എന്‍ സി പി അജിത് പവാര്‍ വിഭാഗത്തിന് തന്നെ ഉപയോഗിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.

അതേസമയം, ‘ക്ലോക്ക്’ സംബന്ധിച്ച തര്‍ക്കം കോടതിയുടെ പരിഗണനയിലാണെന്ന് തിരഞ്ഞെടുപ്പ് പരസ്യങ്ങളില്‍ വ്യക്തമാക്കുമെന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അജിത് പവാര്‍ വിഭാഗത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുമെന്നാണ് സത്യവാങ്മൂലത്തില്‍ അവര്‍ വ്യക്തമാക്കേണ്ടത്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

തര്‍ക്കത്തിനൊടുവില്‍ യഥാര്‍ഥ എന്‍ സി പിയായി അജിത് പവാര്‍ വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ അംഗീകരിച്ചിരുന്നു. ശരദ് പവാര്‍ വിഭാഗത്തിന് ‘കാഹളം’ ചിഹ്നം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ശരദ് പവാര്‍ വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. ഇരു കക്ഷികള്‍ക്കും നാണക്കേട് ഉണ്ടാകാതിരിക്കാന്‍ നേരത്തേ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോടതി ഇന്നലെ രണ്ട് വിഭാഗത്തോടും ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗത്തിന് ക്ലോക്കിന് പകരം മറ്റൊരു ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാര്‍ വിഭാഗം നല്‍കിയ ഇടക്കാല അപേക്ഷയിലും കോടതി നോട്ടീസ് അയച്ചു.

അജിത് വിഭാഗം ‘ക്ലോക്ക്’ ദുരുപയോഗം ചെയ്യുകയാണെന്നും ശരദ് പവാര്‍ വിഭാഗവുമായി ബന്ധമുണ്ടെന്ന് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശരദ് പവാര്‍ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി വാദിച്ചു. യഥാര്‍ഥ എന്‍ സി പി ഏത് വിഭാഗമാണെന്ന് സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നതു വരെ ക്ലോക്ക് ചിഹ്നം ഉപയോഗിക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിഭാഗത്തെ തടയണമെന്നും സിംഗ്വി ആവശ്യപ്പെട്ടു. കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.