National
ശരത് പവാറിന്റെ രാജി ആവശ്യം തള്ളി എൻ സി പി നേതൃയോഗം
പാർട്ടിയെ തുടർന്നും പവാർ തന്നെ നയിക്കണമെന്ന് കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടതായി മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ

മുംബൈ | എൻ സി പിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെക്കാനുള്ള ശരത് പവാറിന്റെ തീരുമാനം തള്ളി പാർട്ടി. പാർട്ടിയെ തുടർന്നും പവാർ തന്നെ നയിക്കണമെന്ന് മുംബൈയിൽ ചേർന്ന കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടതായി മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ അറിയിച്ചു.
പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാർ പ്രകടിപ്പിച്ചു. എന്നാൽ ഈ ആവശ്യം തങ്ങൾ ഏകകണ്ഠമായി നിരസിക്കുന്നു. പാർട്ടി അധ്യക്ഷനായി തുടരാൻ അദ്ദേഹത്തോട് അഭ്യർത്ഥിക്കാൻ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചു – പ്രഫുൽ പട്ടേൽ പത്രസമ്മേളനത്തിൽ പറഞ്ഞു. പട്ടേലിന്റെ പ്രസ്താവനക്ക് പിന്നാലെ പാർട്ടി പ്രവർത്തകർ പലയിടങ്ങളിലും ആഹ്ളാദം പങ്കുവെച്ച് രംഗത്തെത്തി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്. ഇതിന് പിന്നഭാലെ അടുത്ത പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് കീഴിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ അജിത് പവാർ രംഗത്ത് വരികയും ചെയ്തിരുന്നു.