Connect with us

Kerala

എന്‍ സി പി വര്‍ക്കിംഗ് കമ്മിറ്റി: തോമസ് കെ തോമസ് എം എല്‍ എ പുറത്ത്

പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്ന് കാണിച്ച് എം എല്‍ എക്കെതിരെ ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടി നേതാവ് വധിക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന് പിന്നാലെ തോമസ് കെ തോമസ് എം എല്‍ എക്കെതിരെ നടപടിയുമായി എന്‍ സി പി ദേശീയ നേതൃത്വം.

എം എല്‍ എയെ എന്‍ സി പി വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയതായി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്ന് കാണിച്ച് എം എല്‍ എക്കെതിരെ ദേശീയ നേതൃത്വത്തിന് സംസ്ഥാന നേതൃത്വം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ അധ്യക്ഷന്റെ ഇടപെടല്‍. മന്ത്രി എ കെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോയുമാണ് പരാതിയിലൂടെ കഴിഞ്ഞ ദിവസം ശരത് പവാറിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്.

എന്‍ സി പിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് തോമസ് കെ തോമസിനെ മാറ്റണമെന്നായിരുന്നു പരാതി. തുടര്‍ന്ന് പരാതിയില്‍ അടിയന്തരമായി ഇടപെടുമെന്നും എം എല്‍ എക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ദേശീയ നേതൃത്വം ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ നടപടി എടുത്താലും പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് തോമസ് കെ തോമസ്.

നേതൃത്വത്തിനെതിരെ കൂടുതല്‍ വിമര്‍ശങ്ങള്‍ ഉന്നയിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. വധശ്രമ പരാതി ഗുരുതരമാണെന്ന് മന്ത്രി ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പ്രതികരിച്ച മന്ത്രി, എം എല്‍ എ ആകാന്‍ അദ്ദേഹത്തെ കൊല്ലാന്‍ മാത്രം ക്രൂരന്മാര്‍ എന്‍ സി പിയിലില്ലെന്നും അദ്ദേഹത്തിന് പക്വതയില്ലെന്നും പരിഹസിച്ചിരുന്നു.

 

Latest