Connect with us

National

അധികാരത്തിനു വേണ്ടി ഒന്നിച്ച മുന്നണിയല്ല എന്‍ ഡി എ, കേരളത്തിലെ വിജയം പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ ഫലം: മോദി

'നല്ല ഭരണവും രാജ്യത്തിന്റെ വികസനവുമാണ് എന്‍ ഡി എയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. രാഷ്ട്രത്തിനാണ് ഒന്നാമത്തെ പരിഗണന.'

Published

|

Last Updated

ന്യൂഡല്‍ഹി | അധികാരത്തിനു വേണ്ടി ഒന്നിച്ച മുന്നണിയല്ല എന്‍ ഡി എയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ സഖ്യമാണ് എന്‍ ഡി എ. നല്ല ഭരണവും രാജ്യത്തിന്റെ വികസനവുമാണ് എന്‍ ഡി എയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍. രാഷ്ട്രത്തിനാണ് ഒന്നാമത്തെ പരിഗണനയെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ബി ജെ പിക്കുണ്ടായ നേട്ടത്തെ കുറിച്ചും മോദി എന്‍ ഡി എ യോഗത്തില്‍ എടുത്തുപറഞ്ഞു. കേരളത്തില്‍ ബി ജെ പി വിജയിക്കുന്നത് തടയാന്‍ യു ഡി എഫും എല്‍ ഡി എഫും പരമാവധി ശ്രമിച്ചിരുന്നു. ജമ്മു കശ്മീരിലേതിനേക്കാള്‍ ത്യാഗമാണ് കേരളത്തില്‍ പ്രവര്‍ത്തകര്‍ സഹിച്ചത്. അതിന്റെ ഫലമാണ് കേരളത്തില്‍ നേടിയ വിജയം. ഇപ്പോള്‍ അവിടെ നിന്ന് ഒരു ലോക്‌സഭാംഗത്തെ ലഭിച്ചിരിക്കുകയാണ്. കേരളത്തിലെ വിജയം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിക്കുന്നതായും മോദി പറഞ്ഞു.

എന്‍ ഡി എ എന്നാല്‍ ന്യൂ ഇന്ത്യ (പുതിയ ഇന്ത്യ), ഡെവലപ്ഡ് ഇന്ത്യ (വികസിത ഇന്ത്യ), ആസ്പിരേഷണല്‍ ഇന്ത്യ (പ്രത്യാശയുടെ ഇന്ത്യ) ആണെന്ന് പ്രധാന മന്ത്രി യോഗത്തില്‍ പറഞ്ഞു. എന്‍ ഡി എ എന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ സഖ്യത്തിനെതിരെ രൂക്ഷ വിമര്‍ശനവും മോദി നടത്തി. ഇന്ത്യാ സഖ്യം കപട വാഗ്ദാനങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്. 10 വര്‍ഷം കഴിഞ്ഞിട്ടും കോണ്‍ഗ്രസ്സിന് 100 സീറ്റ് തികച്ച് ജയിക്കാന്‍ കഴിഞ്ഞില്ലെന്നും മോദി പറഞ്ഞു. 2024ല്‍ ബി ജെ പിക്ക് ലഭിച്ച സീറ്റുകള്‍ പോലും മൂന്ന് തിരഞ്ഞെടുപ്പുകള്‍ കൊണ്ട് കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മോദി പരിഹസിച്ചു.

എന്‍ ഡി എ നേതാവായി നരേന്ദ്ര മോദിയുടെ പേര് മുന്നണി യോഗത്തില്‍ ബി ജെ പി നേതാവും എം പിയുമായ രാജ്‌നാഥ് സിംഗ് നിര്‍ദേശിച്ചു. അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്താങ്ങി. ഇതോടെ മോദി തന്നെ മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. ഞായറാഴ്ച ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ നടക്കും. ഇന്ന് നടന്ന യോഗത്തില്‍ ജെ ഡി യു നേതാവ് നിതീഷ് കുമാര്‍, ടി ഡി പിയുടെ ചന്ദ്രബാബു നായിഡു, ജെ ഡി എസിന്റെ എച്ച് ഡി കുമാരസ്വാമി, ജനസേന പാര്‍ട്ടി സ്ഥാപകന്‍ പവന്‍ കല്യാണ്‍, എന്‍ സി പി അധ്യക്ഷന്‍ അജിത് പവാര്‍, ലോക് ജനശക്തി പാര്‍ട്ടിയുടെ ചിരാഗ് പസ്വാന്‍ എന്നിവര്‍ പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിയെന്ന് ചന്ദ്രബാബു നായിഡു യോഗത്തില്‍ പറഞ്ഞു.

 

 

 

 

 

 

Latest