Connect with us

From the print

വടക്കൻ ഗസ്സയിൽ മടങ്ങിയെത്തിയത് മൂന്ന് ലക്ഷത്തോളം പേർ; വേണം ഭക്ഷണവും വെള്ളവും

48 മണിക്കൂറിനിടെ 48 മൃതദേഹങ്ങൾ കണ്ടെടുത്തു

Published

|

Last Updated

ഗസ്സ | വെടിയൊച്ചകൾ നിലച്ച തിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ഗസ്സയിൽ നിന്ന് വടക്കൻ ഗസ്സയിലേക്ക് മൂന്ന് ലക്ഷത്തോളം പേർ തിരിച്ചെത്തിയതായി ഐക്യരാഷ്ട്രസഭ. വടക്കൻ ഗസ്സയിൽ തകർന്ന തങ്ങളുടെ വീടുകൾക്ക് സമീപം ഇവർ താത്കാലിക കൂടാരങ്ങൾ ഒരുക്കിയതായും ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇവർക്ക് എത്തിക്കേണ്ടതുണ്ടെന്നും ഐക്യരാഷ്ട്രസഭാ അധികൃതർ അറിയിച്ചു. നെത്‌സരിം ഇടനാഴിയിലൂടെയാണ് വടക്കൻ ഗസ്സയിലേക്ക് ആളുകൾ പ്രവേശിച്ചത്. മണിക്കൂറുകളോളം വാഹനങ്ങളിൽ കാത്തുകിടന്നും കാൽനടയായുമായാണ് തങ്ങളുടെ മണ്ണിലേക്ക് അവർ തിരിച്ചെത്തിയത്.

വടക്കൻ ഗസ്സയിലേക്കുള്ള മടക്കത്തിനിടെ ഇസ്‌റാഈൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടു. നുസ്വീറാത്ത് അഭയാർഥി ക്യാമ്പിന് പടിഞ്ഞാറ് അൽ ജിസ്‌റിൽ കുതിരവണ്ടിക്ക് നേരെയുണ്ടായ ഷെൽ ആക്രമണത്തിൽ അഞ്ച് വയസ്സുകാരി നാദി മുഹമ്മദ് അൽ അമൂദിയാണ് കൊല്ലപ്പെട്ടത്. മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
അതിനിടെ, കഴിഞ്ഞ ഒക്‌ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം നിലച്ച പാചകവാതക വിതരണം ഇന്ന് മുതൽ പരിമിതമായ അളവിൽ ഗസ്സയിൽ ലഭ്യമാകുമെന്ന് ഗസ്സ മീഡിയ ഓഫീസ് അറിയിച്ചു. ഗസ്സയിലെ ഫലസ്തീനികൾക്ക് എട്ട് കിലോഗ്രാം വരുന്ന പാചകവാതക സിലിൻഡർ 15 ഡോളർ നിരക്കിലാണ് ലഭിക്കുക.

അതേസമയം, ഫലസ്തീനികൾക്കുള്ള ഐക്യരാഷ്ട്രസഭാ ഏജൻസിയായ യു എൻ ആർ ഡബ്ല്യു എയുടെ ജറൂസലമിലെ ആസ്ഥാനം അടച്ചുപൂട്ടാനുള്ള ഇസ്റാഈൽ തീരുമാനത്തിന് പിന്തുണ നൽകുന്നതായി യു എന്നിലെ അമേരിക്കൻ പ്രതിനിധി അറിയിച്ചു.

48 മൃതദേഹങ്ങൾ

കഴിഞ്ഞ 48 മണിക്കൂറിനിടെ ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 48 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 11 മൃതദേഹങ്ങൾ വെടിനിർത്തലിന് തൊട്ടുമുമ്പുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടേതാണ്. മറ്റുമൃതദേഹങ്ങളും ശരീര ഭാഗങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് കണ്ടെടുത്തത്. ഇതിൽ എട്ട് മൃതദേഹങ്ങൾ നെത്‌സരിം ഇടനാഴിക്കടുത്തുള്ള മദീനത്ത് അസ്സഹ്‌റ, നുവേരി ഹിൽ എന്നിവിടങ്ങളിൽ നിന്നാണ് കണ്ടെടുത്തത്.

ആംബുലൻസ് ആക്രമണം

തെക്കൻ ഗസ്സയിലെ റഫക്ക് പടിഞ്ഞാറായി തലഅസ്സുൽത്താനിൽ തങ്ങളുടെ ആംബുലൻസ് ആക്രമിക്കപ്പെട്ടതായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ഇസ്‌റാഈൽ സൈനികരാണ് ആംബുലൻസിന് നേർക്ക് വെടിയുതിർത്തത്.

എതിർത്ത് ഫ്രാൻസും
ഗസ്സയിലെ ജനങ്ങളെ പുറത്തേക്ക് മാറ്റണമെന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തിൽ എതിർപ്പുമായി ഫ്രാൻസും. ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ ഗസ്സയിൽ നിന്ന് കുടിയിറക്കുന്നത് അംഗീകരിക്കില്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ ഫലസ്തീനികളെ ജോർദാനിലേക്കും ഈജിപ്തിലേക്കും മാറ്റണമെന്നായിരുന്നു ട്രംപിന്റെ നിർദേശം. ഇത് കഴിഞ്ഞ ദിവസം അറബ് രാജ്യങ്ങളും ജർമനിയും തള്ളിയിരുന്നു.

വിസ നിഷേധിച്ച് ന്യൂസിലാൻഡ്
രാജ്യത്തേക്കുള്ള വിനോദസഞ്ചാര വിസക്ക് അപേക്ഷിക്കുന്ന ഇസ്‌റാഈലികളോട് സൈനിക സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ന്യൂസിലാൻഡ്. സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടോ അതോ റിസർവ് ബറ്റാലിയനിലാണോ ഉൾപ്പെടുന്നതെന്ന വിവരമാണ് തേടുന്നത്. യു എൻ പ്രമേയങ്ങൾക്ക് വിരുദ്ധമായ കുറ്റങ്ങളിൽ ഏർപ്പെട്ടവർക്ക് പ്രവേശനം തടയും. യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഉൾപ്പെട്ട ഇസ്‌റാഈൽ പൗരന്മാർക്ക് വിസ നിഷേധിക്കാനാണ് ന്യൂസിലാൻഡ് തീരുമാനം.
ഗസ്സയിൽ യുദ്ധമുഖത്ത് പങ്കെടുത്ത ഒരു ഇസ്‌റാഈൽ സൈനികന് ന്യൂസിലാൻഡ് വിസ നിഷേധിച്ചതായി ടൈംസ് ഓഫ് ഇസ്‌റാഈൽ റിപോർട്ട് ചെയ്തു.

---- facebook comment plugin here -----

Latest