Articles
അത്യാവശ്യം, ആവശ്യം, അനാവശ്യം
എത്ര വലിയ തിരക്കുള്ള വ്യക്തിയാണെങ്കിലും ബന്ധങ്ങൾ അത്യാവശ്യമാണെന്ന ബോധം ഉണ്ടാകണം.

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏത് കാര്യങ്ങളെയും മൂന്നാക്കി തിരിച്ച് നോക്കൂ. അത്യാവശ്യം, ആവശ്യം, അനാവശ്യം. അത്യാവശ്യമായവക്ക് പ്രഥമ പരിഗണന നൽകണം. അതിൽ വീഴ്ച വരുത്താതെ ശ്രദ്ധിക്കണം. ഓരോ വ്യക്തിയുടെയും ജീവിത സ്വഭാവവുമായി ബന്ധപ്പെട്ടാണ് അത്യാവശ്യങ്ങൾ നിർണയിക്കപ്പെടുന്നതെങ്കിലും പൊതുവായ അത്യാവശ്യങ്ങളായ കുടുംബ സന്തോഷം, കുടുംബ ബന്ധം, അയൽപക്ക ബന്ധം തുടങ്ങിയവക്ക് വലിയ പ്രാധാന്യം നൽകണം. എത്ര വലിയ തിരക്കുള്ള വ്യക്തിയാണെങ്കിലും ബന്ധങ്ങൾ അത്യാവശ്യമാണെന്ന ബോധം ഉണ്ടാകണം. മനുഷ്യ ജീവിതം തന്നെ ചില ബന്ധങ്ങളുടെ പേര് കൂടിയാണല്ലോ? പിതാവായ, ഭർത്താവായ, കുടുംബ നാഥനായ ഒരു പുരുഷൻ അവന്റെ ജീവിതത്തിൽ എന്നും അനിവാര്യമായി ശ്രദ്ധിക്കേണ്ട ഈ ദൗത്യനിർവഹണത്തിന് നല്ല മുന്തിയ പരിഗണന നൽകണം.
പൊതുപ്രവർത്തനത്തിന്റെ, സംഘടനാ പ്രവർത്തനത്തിന്റെ തിരക്കിനിടയിലും നിങ്ങളുടെ ഭാര്യക്ക്, മക്കൾക്ക് നിങ്ങൾ മാത്രമേ ഉണ്ടാവൂ എന്ന ബോധമാണ് നിങ്ങളെ നയിക്കേണ്ടത്.
ഉമ്മ, ഭാര്യ, കുടുംബനാഥ ഇതിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരു കുടുംബത്തിലെ തണലാകേണ്ട, സ്‌നേഹ സ്പർശമാകേണ്ട ഇവരുടെ ദൗത്യം നിർവഹിക്കാതെ മറ്റ് പലതിലും ഉന്നതമായാലും ജീവിതത്തിന്റെ അർഥം ഉണ്ടാകണമെങ്കിൽ മക്കൾക്ക് മുന്നിൽ ഉമ്മയായി നിന്നേ മതിയാവൂ. ഭർത്താവിന്റെ ഇഷ്ട ഭാര്യയായാൽ മാത്രമേ വീട് സ്വർഗീയവാസമാക്കാൻ കഴിയൂ.
ആവശ്യങ്ങളെ മുൻഗണനാ ക്രമത്തിലാക്കി വേർതിരിക്കണം. ആവശ്യങ്ങളുടെ പരിധി, സാധ്യതയുമെല്ലാം പരിഗണിച്ച് ആവശ്യമായതിനെ മനസ്സിലാക്കണം. അയൽവാസിക്ക് ഉണ്ട്, ഇല്ല എന്നതല്ല നമ്മുടെ ആവശ്യത്തിന്റെ മാനദണ്ഡം . നമ്മുടെ മകന് നല്ല പഠനത്തിലും മത്സര പരീക്ഷയിലും താത്പര്യമുണ്ടെങ്കിൽ അതിനെ ആവശ്യമായി കണ്ട് പ്രോത്സാഹിപ്പിക്കണം. അതിനാവശ്യമായ ട്രെയിനിംഗ് കേന്ദ്രത്തിൽ പോകാൻ ചെലവഴിക്കുന്നത് ആവശ്യമാണ്.
അതേസമയം, വാഹനം ആവശ്യമുള്ള അയൽവാസിയായ ബിസിനസ്സുകാരൻ വാങ്ങിയ അതേ വാഹനം തന്നെ വാങ്ങാൻ വാശി പിടിച്ച് പലിശയിടപാട് വഴി വണ്ടി സ്വന്തമാക്കാൻ ശ്രമിക്കുന്നത് അനാവശ്യമാണ്. അവസരോചിതമായി ആവശ്യങ്ങളുടെ പട്ടിക മാറും എന്നാണ് മനസ്സിലാക്കേണ്ടത്.
അനാവശ്യമായതിനെ അവഗണിക്കാൻ തന്നെ ശ്രമിക്കണം. ജീവിതത്തിൽ ഉപകാരപ്പെടാത്തത് അനാവശ്യമാണെന്ന തിരിച്ചറിവാണ് പ്രധാനം. അനാവശ്യം അവഗണിക്കുന്നവനാണ് നല്ല വിശ്വാസി എന്ന നബി വചനം ശ്രദ്ധേയമാണല്ലോ? വി. ഖുർ ആൻ അധ്യായം 23ൽ ആദ്യഭാഗം വിജയിക്കുന്ന വിശ്വാസികളുടെ അടയാളങ്ങൾ എണ്ണിയപ്പോൾ പ്രധാനമായി അടിവരയിട്ടത് അനാവശ്യങ്ങളിൽ അകന്നു നിൽക്കുന്നവരാണ് വിജയവഴിയിലുള്ളവർ എന്നാണ്. അപ്പോൾ വിശ്വാസത്തിന്റെ കൂടി ഭാഗമായിട്ടാണ് അനാവശ്യങ്ങളിൽ നിന്ന് ഓടിക്കളയലെങ്കിൽ അനാവശ്യ വാക്ക്, നോട്ടം, ചർച്ച, പണം ചെലവഴിക്കൽ, യാത്ര, ചിന്ത എല്ലാം ഈ പരിധിയിൽ വരും. നമ്മൾ ഇടപെടുന്ന മേഖലകളിൽ ഈ മൂന്ന് മാനദണ്ഡങ്ങൾ വെച്ച് തന്നെ മുന്നോട്ട് പോകാൻ പരിശീലിക്കുക.