Kerala
നെടുന്പാശ്ശേരി ഹജ്ജ് ക്യാമ്പ്: സംഘാടകസമിതി രൂപവത്കരിച്ചു
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു.

നെടുമ്പാശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള കൊച്ചിൻ എംബാർക്കേഷൻ ക്യാമ്പ് സ്വാഗതസംഘം രൂപവത്കരണ യോഗം നടന്നു.
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം എൽ എ അധ്യക്ഷത വഹിച്ചു. മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി.
സംഘാടകസമിതി ചെയർമാനായി പട്ടാമ്പി എം എൽ എയും ഹജ്ജ് കമ്മിറ്റി അംഗവുമായ മുഹമ്മദ് മുഹ്‌സിനെയും വൈസ് ചെയർമാൻമാരായി നൂർ മുഹമ്മദ് നൂർഷ, മുഹമ്മദ് സക്കീർ, അനസ് ഹാജി, ജനറൽ കൺവീനറായി അഡ്വ. മൊയ്തീൻ കുട്ടി, ക്യാമ്പ് അസ്സി. കോ- ഓർഡിനേറ്ററായി ടി കെ സലീം, പി എം സഹീർ എന്നിവരെയും തിരഞ്ഞടുത്തു.
കൊച്ചിയിൽ നിന്ന് സഊദി എയർലൈൻസാണ് സർവീസ് നടത്തുന്നത്. അടുത്ത മാസം 16 മുതൽ 30 വരെ 21 സർവീസുകളാണുള്ളത്. ആദ്യ വിമാനം 16ന് വൈകിട്ട് 5.55ന് പുറപ്പെടും. 5,680 പേരാണ് കൊച്ചിയിൽ നിന്ന് പുറപ്പെടുക. തമിഴ്‌നാട്ടിൽ നിന്നുള്ള 199 പേരും ലക്ഷദ്വീപിൽ നിന്നുള്ള 111 പേരും കൊച്ചിയിൽ നിന്നുമാണ് യാത്രതിരിക്കുന്നത്. കോഴിക്കോട് നിന്ന് 5,386 പേരും കണ്ണൂരിൽ നിന്ന് 4,780 പേരും ഹജ്ജിന് പുറപ്പെടും.
കേരളത്തിൽ നിന്നുള്ള ഹാജിമാരിൽ 6,515 പുരുഷന്മാരും 9,265 സ്ത്രീകളുമാണുള്ളത്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഹാജിമാരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഏഴ് പേർ കോഴിക്കോട് നിന്നും മാഹിയിൽ നിന്നുള്ള 31 പേർ കണ്ണൂരിൽ നിന്നുമാണ് യാത്ര തിരിക്കുന്നത്.
ചടങ്ങിൽ മുഹമ്മദ് മുഹ്‌സിൻ എം എൽ എ സ്വാഗതവും സംസ്ഥാന ഹജ്ജ് കമ്മിറ്റി അസ്സി. സെക്രട്ടറി ജാഫർ കെ കക്കൂത്ത് നന്ദിയും പറഞ്ഞു.