Connect with us

First Gear

ദിവസേനയുള്ള യാത്രക്കായി മൈലേജുള്ള കാര്‍ വേണോ? ഇതാ സിഎന്‍ജിയില്‍ അഞ്ചെണ്ണം

പെട്രോള്‍ വാഹനങ്ങളില്‍നിന്നും ഏകദേശം ഒരുലക്ഷം രൂപ അധികം നല്‍കിയാല്‍ സിഎന്‍ജി വാഹനം ലഭിക്കും.

Published

|

Last Updated

ബെംഗളുരു| ദിവസവും കാര്‍ ഉപയോഗിക്കുന്നവര്‍ പ്രഥമ പരിഗണന നല്‍കുന്നത് മൈലേജിനാകും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന കാര്‍ പോക്കറ്റ് കാലിയാകാതിരിക്കാന്‍ നിര്‍ബന്ധമാണ്. അങ്ങനെ നോക്കുമ്പോള്‍ ഡീസല്‍, ഇലക്ട്രിക്, സിഎന്‍ജി കാറുകളാണ് മികച്ച ഓപ്ഷനുകള്‍. ഡീസല്‍ കാര്‍ ഭാവിയില്‍ മെയിന്റനന്‍സ് ചെലവ് കണ്ട് പലരും തെരഞ്ഞെടുക്കാറില്ല. ഇലക്ട്രിക് കാറാണെങ്കില്‍ വാഹന വിലയും ചാര്‍ജിങ് പോലുള്ള ചില ബുദ്ധിമുട്ടുകളും ഉണ്ട്. അപ്പോള്‍ പിന്നെ കുറച്ചുകൂടി നല്ലത് സിഎന്‍ജി തന്നെയാണ്. പെട്രോള്‍ വാഹനങ്ങളില്‍നിന്നും ഏകദേശം ഒരുലക്ഷം രൂപ അധികം നല്‍കിയാല്‍ സിഎന്‍ജി വാഹനം ലഭിക്കും. നോക്കാം ഉയര്‍ന്ന മൈലേജുള്ള അഞ്ച് സിഎന്‍ജി കാറുകള്‍.

ഹ്യുണ്ടായി എക്സ്റ്റര്‍

ഹ്യുണ്ടായിയുടെ പുതിയ മോഡലുകളില്‍ ഒന്നാണ് എക്സ്റ്റര്‍. ഇതിന്റെ സിഎന്‍ജി വേരിയന്റ് അടുത്തിടെയാണ് കമ്പനി പുറത്തിറക്കിയത്. ഇതിന് 8.50 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ഒരു കിലോ സിഎന്‍ജിയില്‍ ഏകദേശം 27.1 കിലോമീറ്ററാണ് കമ്പനി ഇന്ധനക്ഷമത അവകാശപ്പെടുന്നത്.

മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്ക് നെക്സ ഔട്ട്ലെറ്റുകള്‍ വഴിയാണ് വില്‍ക്കുന്നത്. ബലേനോയുടെ സിഎന്‍ജി പതിപ്പിന് 30.61 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 8.40 ലക്ഷം രൂപയിലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

ടൊയോട്ട ഗ്ലാന്‍സ

മാരുതി സുസുക്കി ബലേനോയുടെ അതേ പ്ലാറ്റ്ഫോമിലാണ് ടൊയോട്ട ഗ്ലാന്‍സയും നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനും സിഎന്‍ജിയില്‍ 30.61 km/kg മൈലേജാണ് അവകാശപ്പെടുന്നത്. 8.65 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം പ്രാരംഭ വില.

മാരുതി സുസുക്കി വാഗണ്‍ആര്‍

മാരുതി സുസുക്കിയുടെ നിരയിലെ അറിയപ്പെടുന്ന ഹാച്ച്ബാക്ക് മോഡലാണ് വാഗണ്‍ആര്‍. സിഎന്‍ജിയില്‍ വാഗണ്‍ആറിന് ഏകദേശം 33.47 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 6.44 ലക്ഷം രൂപയിലാണ് വാഹനവില ആരംഭിക്കുന്നത്.

മാരുതി സുസുക്കി സെലേറിയോ

സിഎന്‍ജി, പെട്രോള്‍ ഓപ്ഷനുകളില്‍ മികച്ച മൈലേജ് നല്‍കാനായി മാരുതി സുസുക്കി രൂപകല്‍പ്പന ചെയ്ത കാറാണ് സെലേറിയോ. ഇതിന്റെ സിഎന്‍ജി വേരിയന്റില്‍ 35.60 കിലോമീറ്ററാണ് ഇന്ധനക്ഷമത അവകാശപ്പെടുന്നത്. 6.33 ലക്ഷം രൂപയാണ് സെലേറിയോയുടെ എക്‌സ്-ഷോറൂം വില.

 

 

 

Latest