Articles
വേണം, വയനാടിന് ക്ലൈമറ്റ് ഫണ്ട്
കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം വയനാട് ഉണ്ടായ മഹാദുരന്തത്തിന് ഒരു പൈസ പോലും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണല്ലോ. ഇത്തരം മഹാദുരന്തങ്ങള്‍ നേരിടുന്ന ജനതയെ സഹായിക്കാനാണ് ക്ലൈമറ്റ് ഫണ്ടുകള്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ അതിനായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
അസര്‍ബൈജാന്‍ തലസ്ഥാനമായ ബാകുവില്‍ നടന്നു വരുന്ന സി ഒ പി 29 (യു എന്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച രാഷ്ട്രങ്ങളുടെ 29ാമത് സമ്മേളനം) എന്തെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഒരാളും കരുതുന്നില്ല. ലോകമാകെ കാലാവസ്ഥാ മാറ്റത്തിന്റെ വിവിധ രീതികളിലുള്ള ദുരന്തങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്നു. കാലാവസ്ഥാ മാറ്റം കൂടുതല്‍ ഗുരുതര അവസ്ഥയിലേക്ക് പോകുമെന്ന് യു എന്‍ നിയമിച്ച സമിതിയുടെ (ഐ പി സി സി) റിപോര്‍ട്ടുകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നു. അപ്പോഴും സമ്പന്ന ലോക രാഷ്ട്രത്തലവന്മാര്‍ക്ക് കാര്യമായ വേവലാതികള്‍ ഉള്ളതായി കാണുന്നില്ല. ആഗോള താപനില 1.5 ഡിഗ്രിയില്‍ താഴെ നിര്‍ത്താനുള്ള അടിയന്തര നടപടികള്‍ എടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആ ദിശയില്‍ കാര്യങ്ങളൊന്നും നീങ്ങുന്നില്ല. കാലാവസ്ഥാ മാറ്റം എന്നത് ഒരു മിഥ്യയാണെന്നുള്ള വലതുപക്ഷ ട്രംപാദികളുടെ വാദം (ക്ലൈമറ്റ് ഡിനയല്‍) അല്‍പ്പം ദുര്‍ബലപ്പെട്ടിട്ടുണ്ടെന്നു സമ്മതിക്കാം. അതുപോലെ കാലാവസ്ഥാ മാറ്റമെന്നത് മൂന്നാം ലോക രാജ്യങ്ങളുടെ വികസനം തടയാനുള്ള സാമ്രാജ്യത്വ അജന്‍ഡയാണെന്ന ഇടതുപക്ഷത്തെ ചിലരുടെ പഴയ വാദങ്ങളും ഇപ്പോള്‍ അത്ര ഉയര്‍ന്നു കേള്‍ക്കാനില്ല.
ഇത്തവണത്തെ പ്രധാന അജന്‍ഡ ക്ലൈമറ്റ് ഫൈനാന്‍സിംഗ് സംബന്ധിച്ചാണ് എന്ന് നേരത്തേ തീരുമാനിച്ചിരുന്നു. 34 പേജുകള്‍ വരുന്ന ക്ലൈമറ്റ് ഫൈനാന്‍സ് സംബന്ധിച്ച കരട് രേഖ (എന്‍ സി ക്യു ജി) കഴിഞ്ഞ ദിവസം കോപ് 29ല്‍ വെച്ച് റിലീസ് ചെയ്യുകയുണ്ടായി. പാരീസ് ഉടമ്പടിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട, പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായത്തിന്റെ കാലാവധി 2025ഓടെ അവസാനിക്കുന്നതിന് മുന്നോടിയായാണ് ക്ലൈമറ്റ് ഫൈനാന്‍സ് സംബന്ധിച്ച പുതിയ കരട് രേഖ പുറത്തിറക്കിയത്. ബാകു ഉച്ചകോടിയില്‍ പുറത്തിറക്കിയ ഈ കരട് രേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യും മുമ്പ്, കാലാവസ്ഥാ ഫണ്ട് സംബന്ധിച്ച നിലവിലെ അവസ്ഥ ചെറുതായൊന്ന് മനസ്സിലാക്കാം.
2015ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ വെച്ച് 2020ഓടെ വികസിത രാഷ്ട്രങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന അവികസിത/വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുന്നതിനായി ഒരു പൊതുഫണ്ട് രൂപവത്കരിക്കാന്‍ തീരുമാനിക്കുകയുണ്ടായി. 100 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഇത്തരത്തില്‍ കാലാവസ്ഥാ നഷ്ടങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി പ്രഖ്യാപിക്കപ്പെട്ടത്. 2020ഓടെ ഈ തുക അവികസിത/വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കാമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നടപ്പാക്കുന്നതില്‍ വലിയ ഉത്സാഹമൊന്നും വികസിത രാഷ്ട്രങ്ങള്‍ കാണിച്ചില്ലെന്നു മാത്രമല്ല, മേല്‍പ്പറഞ്ഞ തുക വികസിത രാഷ്ട്രങ്ങള്‍ നല്‍കുന്ന പല തരത്തിലുള്ള കടങ്ങളിലും സാമ്പത്തിക സഹായങ്ങളിലും ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
100 ബില്യണ്‍ ഡോളര്‍ എന്ന തുക വാസ്തവത്തില്‍ വളരെ നിസ്സാരമായ തുക മാത്രമാണ്. ഇതേക്കുറിച്ച് ബാകു ഉച്ചകോടിയിലെ സൈഡ്ലൈന്‍ മീറ്റിംഗുകളിലൊന്നില്‍ വെച്ച് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത് ശ്രദ്ധിച്ചാല്‍ ഈ തുകയുടെ നിസ്സാരത ബോധ്യപ്പെടും. വികസ്വര ചെറു ദ്വീപ് രാഷ്ട്രങ്ങളുടെ നേതാക്കളുടെ യോഗത്തില്‍ (എസ് ഐ ഡി എസ്) വെച്ച് ഗുട്ടെറസ് പറഞ്ഞത്, “കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്ന ദരിദ്ര രാജ്യങ്ങള്‍ക്കായി സമ്പന്ന രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 100 ബില്യണ്‍ യു എസ് ഡോളര്‍ ലോകത്തെ മികച്ച 10 ഫുട്‌ബോള്‍ കളിക്കാരുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമാണ്’ എന്നായിരുന്നു. സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് നിങ്ങള്‍ കുറച്ച് ഗൗരവതരമായി ചിന്തിക്കണം എന്ന് അവരെ ഉപദേശിക്കുകയും ചെയ്തു. (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, കോപ് 29ന്റെ പ്രധാന വേദിയില്‍ 12 മിനുട്ടിലധികം പ്രഭാഷണം നടത്തിയിട്ടും ഇത്തരമൊരു അഭിപ്രായപ്രകടനം ഗുട്ടെറസ് അവിടെ നടത്തിയിട്ടില്ല എന്നതാണ്).
വാസ്തവത്തില്‍ ക്ലൈമറ്റ് ഫൈനാന്‍സ് സംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നുവന്നത്, കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന നഷ്ടങ്ങളും നാശങ്ങളും അടിസ്ഥാനപ്പെടുത്തി, കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് ഇരകളായി മാറപ്പെടുന്ന അവികസിത/വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങളും മുന്‍ഗണനകളും അനുസരിച്ച് നല്‍കേണ്ട തുക എന്ന നിലക്കാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങള്‍ വലിയ തോതില്‍ പുറന്തള്ളിയതിലുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് വികസിത രാജ്യങ്ങള്‍ നല്‍കേണ്ട സാമ്പത്തിക സഹായമായിട്ടാണ് ഇത്തരമൊരു ക്ലൈമറ്റ് ഫണ്ടിനെക്കുറിച്ചുള്ള ധാരണകള്‍ ഉടലെടുത്തത്. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങള്‍ വന്‍ തോതില്‍ പുറന്തള്ളിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ നാളിതുവരെ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. തങ്ങള്‍ അവികസിത രാഷ്ട്രങ്ങള്‍ക്ക് നല്‍കുന്ന സഹായം കേവലം അവരുടെ ഔദാര്യമല്ല, മറിച്ച് അവരുടെ ചരിത്രപരമായ ബാധ്യതയാണ് എന്ന സത്യം അംഗീകരിക്കാന്‍ അവരാരും തയ്യാറല്ല എന്നര്‍ഥം. മറ്റൊരു വസ്തുത, ഇപ്പോള്‍ പാരീസ് ഉടമ്പടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന 100 ബില്യണ്‍ (യു എസ്) ഡോളര്‍ ധനസഹായം എന്നത് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകളിലൂടെയോ കൂടിയാലോചനകളിലൂടെയോ ഉരുത്തിരിഞ്ഞുവന്ന ഒരു തുകയല്ല എന്നതാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ദരിദ്ര രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഇതൊരു തുകയേ അല്ല എന്നതാണ് യാഥാര്‍ഥ്യം.
അവികസിത/വികസ്വര രാജ്യങ്ങളില്‍ കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ അതിഭീമമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെല്‍റ്റാ പ്രദേശങ്ങള്‍ കൂടുതലുള്ള രാജ്യങ്ങള്‍, പ്രത്യേകിച്ചും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുള്ള സാമ്പത്തിക തകര്‍ച്ചകള്‍ക്ക് കൂടുതല്‍ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. 2027 ആകുമ്പോഴേക്കും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 24.7 ശതമാനം കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുള്ള നാശനഷ്ടത്തിന് വിധേയമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏഷ്യ-പസഫിക് മേഖലകളില്‍ പൊതുവില്‍ ഈ നാശനഷ്ടം ജി ഡി പിയുടെ 16 മുതല്‍ 20 ശതമാനം വരെ ആയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.
ക്ലൈമറ്റ് ഫൈനാന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് സംബന്ധിച്ച ഒരു അംഗീകരിച്ച മാനദണ്ഡമോ നിര്‍വചനമോ ഇല്ല എന്നതാണ് വസ്തുത. അന്തരീക്ഷ താപനില രണ്ട് ഡിഗ്രിയില്‍ കൂടാതിരിക്കുന്നതിനും 1.5 ഡിഗ്രി പരിധിയില്‍ പിടിച്ചുനിര്‍ത്തുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് വ്യാവസായിക യുഗത്തിന് മുമ്പുള്ള അവസ്ഥയില്‍ എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ അവികസിത/വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള കാലാവസ്ഥാ ധനസഹായ പരിപാടിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എന്തൊക്കെ ഉള്‍പ്പെടുത്തരുത് എന്നത് സംബന്ധിച്ച പൊതുധാരണയില്‍ എത്താന്‍ നാളിതുവരെ ഒരു ഉച്ചകോടിക്കും സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റി ഓണ്‍ ഫൈനാന്‍സ്, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ഒ ഇ സി ഡി) എന്നിവ മുന്നോട്ടുവെക്കുന്ന അനൗദ്യോഗിക നിര്‍വചനം, “ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറക്കുന്നതോ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനാണ് ക്ലൈമറ്റ് ഫണ്ട് രൂപവത്കരിക്കുന്നത്’ എന്നാണ്.
വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ഫണ്ടിലേക്ക് ഒരു ട്രില്യണ്‍ (യു എസ്) ഡോളര്‍ നല്‍കേണ്ടതുണ്ടെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പാകിസ്താന്‍ രണ്ട് ട്രില്യണ്‍ (യു എസ്) ഡോളര്‍ ആവശ്യപ്പെടുന്നു. ഈ രീതിയില്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടേതായ കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും പൊതുസമ്മതിയിലേക്ക് കടക്കുന്നതിന് പല ഘടകങ്ങളും തടസ്സങ്ങളായി നില്‍ക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ വികസ്വര/അവികസിത രാജ്യങ്ങള്‍ക്ക് നല്‍കുന്ന ധനസഹായങ്ങള്‍ക്ക് പുറത്ത് അധിക ധനസഹായം എന്ന നിലക്കാണ് ക്ലൈമറ്റ് ഫൈനാന്‍സ് വിഭാവനം ചെയ്തതെങ്കിലും ഇതുസംബന്ധിച്ച കൃത്യമായ ചട്ടക്കൂട് നിര്‍മിക്കാന്‍ കഴിയാതിരുന്നതുകൊണ്ട് തന്നെ ക്ലൈമറ്റ് ഫൈനാന്‍സില്‍ വലിയൊരു ഭാഗവും ഇന്ന് നല്‍കപ്പെടുന്നത് വിവിധ വികസന ബജറ്റുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. എന്നുമാത്രമല്ല, ക്ലൈമറ്റ് ഫൈനാന്‍സ് സംബന്ധിച്ച അക്കൗണ്ടിംഗിന് എന്തെങ്കിലും തരത്തിലുള്ള സുതാര്യതയോ സ്ഥിരതയോ നിലനില്‍ക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്.
നിലവില്‍ വികസിത/സമ്പന്ന രാഷ്ട്രങ്ങള്‍ നല്‍കുന്ന സാമാന്യ ഗതിയിലുള്ള സാമ്പത്തിക സഹായങ്ങള്‍ ക്ലൈമറ്റ് ഫൈനാന്‍സിന്റെ കണക്കില്‍പ്പെടുത്തിയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അവയില്‍ വലിയൊരു ഭാഗം വായ്പ എന്ന നിലയില്‍ കണക്കാക്കുകയും വായ്പക്ക് പലിശ വാങ്ങിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജപ്പാന്‍, ഫ്രാന്‍സ്, യു എസ് എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മറ്റേത് രാജ്യങ്ങളേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കാണാം.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞ ഊര്‍ജ പദ്ധതികള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവക്കായി നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍, സാങ്കേതിക സഹകരണങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റങ്ങള്‍ എന്നിവ വഴിയും കാലാവസ്ഥാ ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ വികസിത രാജ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അവികസിത/വികസ്വര രാജ്യങ്ങളില്‍ നടപ്പാക്കുന്ന കാറ്റാടിപ്പാടങ്ങള്‍, റെയിൽ പാളങ്ങൾ തുടങ്ങിയ പശ്ചാത്തല സൗകര്യ നിര്‍മാണ പദ്ധതികളില്‍ കണ്‍സള്‍ട്ടേഷന്‍, എന്‍ജിനീയറിംഗ്, നിര്‍മാണം എന്നീ മേഖലകളില്‍ ധനസഹായം അനുവദിക്കുന്ന രാജ്യങ്ങളിലെ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. വാസ്തവത്തില്‍ ഇത്തരം നിബന്ധനകളിലൂടെ ക്ലൈമറ്റ് ഫൈനാന്‍സ് എന്ന ആശയത്തെ സാമ്പത്തിക ലാഭങ്ങള്‍ക്കുള്ള വഴിയായി ഉപയോഗപ്പെടുത്തുകയാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ ചെയ്തുവരുന്നത്.
കേരളത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒരു കാര്യം ഇതിലുണ്ട്. ഫ്രഞ്ച് വികസന ഏജന്‍സി അവരുടെ രാജ്യം നല്‍കുന്ന ഇത്തരത്തിലുള്ള സാമ്പത്തിക സഹായത്തിലൂടെ ഈ നിബന്ധനകള്‍ നടപ്പാക്കിയതായി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. പശ്ചാത്തല സൗകര്യ നിര്‍മാണത്തില്‍ എഫിയേജ്, എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി മേഖലയില്‍ സിസ്ട്ര (ഈ കമ്പനിയെ നമുക്കറിയാം. കെ-റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയിലെ പ്രധാന കഥാപാത്രമാണ് ഫ്രഞ്ച് കമ്പനിയായ സിസ്ട്ര) തുടങ്ങിയ കമ്പനികള്‍ കാലാവസ്ഥാ ധനസഹായത്തിന്റെ ഗുണഫലങ്ങള്‍ നേടുന്നവയാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നാളെ കെ റെയില്‍ നിര്‍മാണത്തിന് നല്‍കുന്ന വായ്പ കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാകുന്ന നഷ്ടം പരിഹരിക്കാനുള്ള തുകയില്‍ പെടുത്തിയേക്കാം എന്നതാണ്. എത്ര വിചിത്രമായ രീതിയിലാണ് വികസ്വരരാജ്യങ്ങള്‍ ഈ അവസ്ഥയെ ഉപയോഗപ്പെടുത്തുന്നത് എന്നതിന്റെ ഒരു ഉദാഹരണമാണിത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം വയനാട് ഉണ്ടായ മഹാദുരന്തത്തിന് ഒരു പൈസ പോലും സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നത് നമ്മള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണല്ലോ. ഇത്തരം മഹാദുരന്തങ്ങള്‍ നേരിടുന്ന ജനതയെ സഹായിക്കാനാണ് ക്ലൈമറ്റ് ഫണ്ടുകള്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ അതിനായി ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനു വേണ്ടി സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാറും ഒന്നും ചെയ്തിട്ടില്ല.