Articles
വേണം, സമഗ്ര സാമ്പത്തിക ഫെഡറലിസം
നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശം ഉറപ്പുവരുത്തേണ്ട ചുമതല ധനക്കമ്മീഷനുണ്ട്.
പതിനാറാം ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായുള്ള ധനകാര്യ കമ്മീഷന് മുമ്പാകെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് കേരളം. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ധനകാര്യ കമ്മീഷന് മുന്നില്‍ അവതരിപ്പിക്കേണ്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായി സെപ്തംബര്‍ 12ന് തിരുവനന്തപുരത്ത് ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുകയാണ്.
ധനകാര്യ കമ്മീഷനുകളുടെ പ്രാധാന്യം
ഇന്ത്യന്‍ ഭരണഘടനയുടെ 280ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപവത്കരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്. വ്യത്യസ്തവും നാനാത്വങ്ങള്‍ നിറഞ്ഞതുമായ നമ്മുടെ രാജ്യത്തെ ഓരോ സംസ്ഥാനങ്ങളുടെയും സവിശേഷതകള്‍ മനസ്സിലാക്കി സന്തുലിതമായി നികുതി വിതരണം നിര്‍വഹിക്കേണ്ട ചുമതലയാണ് ധനകാര്യ കമ്മീഷന്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങള്‍ക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനങ്ങളും ധനകാര്യ കമ്മീഷനാണ് കൈക്കൊള്ളുന്നത്. അതുകൊണ്ട് തന്നെ ധനകാര്യ കമ്മീഷനുകളുടെ മുന്നില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും സമഗ്രമായി അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഫെഡറലിസം നേരിടുന്ന വെല്ലുവിളികള്‍
രാജ്യത്ത് സാമ്പത്തിക ഫെഡറലിസം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുകയാണ്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ സാമ്പത്തിക പരിഗണന ലഭിക്കുന്നില്ല എന്നത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നീതിപൂര്‍വകമല്ലാത്ത വിഭവ വിതരണമാണുണ്ടാകുന്നത്. ഭരണഘടനാ നിര്‍മാണ സഭയില്‍ തന്നെ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിര്‍ദേശം, രാജ്യവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളുടെ അധികാര പരിധിയെക്കുറിച്ചായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് തനതായ നികുതി അധികാരങ്ങള്‍ അനുവദിച്ചു നല്‍കണമെന്നും സാമ്പത്തിക സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങള്‍ സുസ്ഥിരമായ യൂനിയന് അത്യാവശ്യമാണെന്നും ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പടെയുള്ള ഭരണഘടനാ ശില്‍പ്പികള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ ഫെഡറല്‍ തത്ത്വങ്ങള്‍ രൂപപ്പെട്ടത് ഇത്തരം ചര്‍ച്ചകളിലൂടെയായിരുന്നു. എന്നാല്‍ സാമ്പത്തികാധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാറിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന നടപടികളാണ് പില്‍ക്കാലത്തുണ്ടായത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി സംസ്ഥാനങ്ങളുടെ ഉത്തമ താത്പര്യങ്ങള്‍ സമ്പൂര്‍ണമായും ഹനിക്കുന്ന നയ സമീപനങ്ങളാണ് രാജ്യത്തുണ്ടായിരുന്നത്. ജി എസ് ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂര്‍ണമായും ഇല്ലാതായി. പെട്രോള്‍, ഡീസല്‍ പോലുള്ള പരിമിതമായ വിഭവങ്ങള്‍ക്ക് മാത്രമേ ഇന്ന് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ളൂ.
15ാം ധനകാര്യ കമ്മീഷന്റെ റിപോര്‍ട്ടില്‍ പറയുന്നത്, രാജ്യത്തെ ആകെ പൊതു ചെലവിന്റെ 62.4 ശതമാനവും സംസ്ഥാനങ്ങള്‍ വഹിക്കുന്നു എന്നാണ്. എന്നാല്‍ രാജ്യത്തെ ആകെ വരുമാനത്തിന്റെ 63 ശതമാനവും കേന്ദ്രത്തിന് ലഭിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങള്‍ക്ക് വീതംവെക്കേണ്ട ഡിവിസിബിള്‍ പൂളിലേക്ക് വരുമാനം വരുന്നത് തടയാനായി സെസ്സ്, സര്‍ചാര്‍ജ് തുടങ്ങിയവ ധാരാളമായി ചുമത്തുന്നു. സെസ്സും സര്‍ചാര്‍ജും സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത കേന്ദ്രത്തിന് മാത്രം ലഭിക്കുന്ന വരുമാനമാണ്. 2011-12ല്‍ സെസ്സ്, സര്‍ചാര്‍ജ് എന്നിവ ആകെ നികുതി വരുമാനത്തിന്റെ 9.4 ശതമാനമായിരുന്നുവെങ്കില്‍ 2022-23ല്‍ അത് 22.8 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
നിലവില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്ക് തിരികെ വിതരണം ചെയ്യുന്ന ഡിവിസിബിള്‍ പൂളായി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ സെസ്സും സര്‍ചാര്‍ജും പെരുകിയതോടെ ഫലത്തില്‍ 29.6 ശതമാനം നികുതി മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് വീതംവെക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുകയാണ്.
വെട്ടിക്കുറക്കപ്പെടുന്ന സംസ്ഥാന വിഹിതം
പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ഡിവിസിബിള്‍ പൂളില്‍ നിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.875 ശതമാനമായിരുന്നു. അതായത് 100 രൂപ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വെക്കുമ്പോള്‍ നമുക്ക് 3.875 രൂപ ലഭിക്കുമായിരുന്നു. എന്നാല്‍ 15ാം ധനകാര്യ കമ്മീഷന്റെ കാലമായപ്പോഴേക്കും അത് 1.92 ശതമാനമായി വെട്ടിക്കുറക്കുകയുണ്ടായി. ജനസംഖ്യയുടെ 2.76 ശതമാനം ആളുകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായ നികുതിവിഹിതം പോലും നമുക്ക് നിഷേധിക്കപ്പെടുകയാണ്. ഉത്തര്‍ പ്രദേശിന് 10ാം ധനകാര്യ കമ്മീഷന്റെ കാലത്ത് ലഭിച്ചിരുന്നത് 17.8 ശതമാനം നികുതി വിഹിതമായിരുന്നുവെങ്കില്‍ 15ാം ധനകാര്യ കമ്മീഷന്റെ കാലത്ത് അത് 17.9 ശതമാനമായി വര്‍ധിച്ചു.
ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ പലതും കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുതകുന്നവയല്ല. 1976ലെ ദേശീയ ജനസംഖ്യാ നയത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ കൈവരിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറക്കുക എന്നത് നീതീകരിക്കാനാവുന്നതല്ല. രാജ്യത്തിന്റെ പൊതുവായ കണക്കെടുക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തില്‍ ശരാശരി 65 ശതമാനം വരെ കേന്ദ്രത്തിന്റെ വിഹിതമാണ്. അവിടെയാണ് കേരളത്തിന് മാത്രം 21 ശതമാനം ലഭിക്കുന്നത്. നേരത്തേ 45 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിച്ചിരുന്നു. ചില സംസ്ഥാനങ്ങള്‍ക്ക് എഴുപത് ശതമാനത്തിന് മുകളില്‍ കേന്ദ്ര വിഹിതമായി ലഭിക്കുന്നുമുണ്ട്.
ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന ഉത്പന്നങ്ങളുടെ അളവ് ഭീമമാണ്. എന്നാല്‍ ഇതിന് ആനുപാതികമായ നികുതി വരുമാനം കേരളത്തിന് ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്. ഇത് കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം കുറച്ചുകൊണ്ടുവരികയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാധ്യത കയറ്റിവെക്കുകയും ചെയ്യുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഒരുവശത്ത് വരുമാനത്തില്‍ വന്‍ വെട്ടിക്കുറവ് ഉണ്ടാകുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്വം വര്‍ധിക്കുകയും ചെയ്യുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത്.
സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 30,000 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 2020-21ലെ 47,000 കോടി രൂപയില്‍ നിന്ന് 2023-24ല്‍ 77,000 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ ഈ വരുമാന വളര്‍ച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധനകാര്യ കമ്മീഷനാണ്. ഈ സാഹചര്യം സൂക്ഷ്മമായി മനസ്സിലാക്കി നയരൂപവത്കരണം നടത്താന്‍ ധനക്കമ്മീഷന്‍ തയ്യാറാകണം. ധനക്കമ്മീഷന്‍ ശിപാര്‍ശകളില്‍ നിന്ന് വ്യതിചലിക്കുന്ന കേന്ദ്ര നിലപാടുകള്‍ കാരണം ഏറ്റവും കൂടുതല്‍ പ്രയാസം
നേരിടുന്നത് കേരളമാണ്.
നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഭരണഘടനാ തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും സംസ്ഥാനങ്ങളുടെ അവകാശം ഉറപ്പുവരുത്തേണ്ട ചുമതല ധനക്കമ്മീഷനുണ്ട്. ആ ചുമതല ധനക്കമ്മീഷന്‍ നിര്‍വഹിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.