From the print
വിദ്യാഭ്യാസ നവീകരണത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം: അബ്ദുല്‍ ഹകീം അസ്ഹരി
അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാവുന്ന സൗകര്യങ്ങളില്‍ കേരളം രാജ്യത്ത് മാതൃകയും ബദലും സൃഷ്ടിക്കണം
തൃശൂര്‍ | വിദേശത്തേക്ക് വിദ്യാര്‍ഥികള്‍ കുടിയേറ്റം നടത്തുന്നതാണ് കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നമെന്ന് സുന്നി യുവജനസംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി. വിദ്യാഭ്യാസ മേഖലയുടെ നവീകരണത്തില്‍ കേരളം കൂടുതല്‍ ശ്രദ്ധയും നിക്ഷേപവും നടത്തണം. വിദ്യാഭ്യാസ ആഗോളീകരണത്തിലൂടെ മാത്രമേ നമുക്ക് യുവതയുടെ പുറത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാവുന്ന സൗകര്യങ്ങളില്‍ കേരളം രാജ്യത്ത് മാതൃകയും ബദലും സൃഷ്ടിക്കണം. മികവിന്റെ സ്ഥാപനങ്ങള്‍ നമുക്കത്രയധികം ഇല്ല. നിരന്തരം നവീകരണം ആവശ്യമുള്ള മേഖലയാണ് വിദ്യാഭ്യാസം. ബി ടെക് സാര്‍വത്രികതയുടെ കാലം അസ്തമിച്ചപ്പോള്‍ പുതിയ ട്രെന്‍ഡുകള്‍ സെറ്റ് ചെയ്യാന്‍ നമുക്ക് കഴിയാതെ പോയി. യൂത്ത് സ്വയം ട്രെന്‍ഡ് സെറ്റ് ചെയ്തപ്പോഴാണ് മൈഗ്രേഷന്‍ വലിയ തോതില്‍ ഉയര്‍ന്നത്. രാജ്യാന്തര വിദ്യാഭ്യാസം കൊണ്ടുവരുന്നതിനായി വിദേശ യൂനിവേഴ്‌സിറ്റികള്‍ക്ക് ഉള്‍പ്പെടെ വാതില്‍ തുറന്നിടണം. അത്തരം സ്ഥാപനങ്ങളുമായി അഫിലിയേഷന്‍ സാധ്യമാക്കണം. പൊതുമേഖലയെയും സ്വകാര്യ മേഖലയെയും സംയോജിപ്പിച്ചു കൊണ്ടുള്ള പി പി പി മോഡല്‍ വിദ്യാഭ്യാസ വികസനത്തില്‍ കൊണ്ടുവരണം. സാധാരണക്കാര്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിന് സ്വകാര്യ മേഖലയുടെ സഹകരണത്തോടെ യഥേഷ്ടം സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കണം. നോളജ് എക്കോണമിയേയും നോളജ് കമ്യൂണിറ്റിയേയും ഭാവിയുടെ നിക്ഷേപമായി കരുതണമെന്നും അസ്ഹരി പറഞ്ഞു.
അടിസ്ഥാന വിദ്യാഭ്യാസത്തില്‍ പോലും നവീകരണവും ഇടപെടലും ആവശ്യമാണ്. ഇടക്കാലത്തുണ്ടായ പ്രതാപത്തില്‍ നിന്ന് പൊതുവിദ്യാലയങ്ങള്‍ തിരിച്ചുനടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളല്ല, വിദ്യാഭ്യാസ മികവാണ് അന്താരാഷ്ട്ര നിലവാരം എന്ന് ബോധ്യമാകേണ്ടതുണ്ട്. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്തെ സീറ്റ് ലഭ്യതക്കുറവ് ഉള്‍പ്പെടെ പരിഹരിക്കണം. നിര്‍മിതബുദ്ധി ടൂളുകള്‍ വികസിച്ച കാലത്ത് കരിക്കുലങ്ങള്‍ കാലഹരണപ്പെടുന്നുണ്ട്. െറഗുലര്‍ ക്ലാസ്സുകളില്‍ ചടഞ്ഞിരുന്ന് പഠിക്കാതെ, ഒന്നോ രണ്ടോ ആഴ്ച ഒന്നു ശ്രദ്ധിച്ചാല്‍ മതി, മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ എന്ന നിലപാടിലേക്ക് യൂത്ത് എത്തിയിരിക്കുന്നു. അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത കരിക്കുലങ്ങള്‍ക്ക് തലമുറയെ സംബോധന ചെയ്യാന്‍ സാധിക്കില്ലെന്നും അസ്ഹരി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി കുറ്റ്യാടി, സെക്രട്ടറി സാദിഖ് മാസ്റ്റര്‍ വെളിമുറ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി ഷെമീര്‍ എറിയാട് എന്നിവരും സംബന്ധിച്ചു.