Connect with us

articles

വേണം, ജോലി-ജീവിത തുല്യത

2024 സെപ്തംബര്‍ 23ന് ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച "പ്രൊഫഷനല്‍ ഇന്ത്യന്‍ വുമണ്‍ വര്‍ക്ക് ദി മോസ്റ്റ് ഹോഴ്‌സ് ഗ്ലോബലി' എന്ന ലേഖനത്തില്‍, കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍, സമ്പവി പാര്‍ഥസാരതിയും വിഘ്‌നേഷ് രാധാകൃഷ്ണനും പറയുന്നത്, ലോകത്ത് തന്നെ പ്രൊഫഷനല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി സമയം ഇന്ത്യയിലാണെന്നാണ്. അതിനാല്‍ ഇന്ത്യയിലെ പ്രൊഫഷനലുകള്‍ക്ക് ജോലി-ജീവിത തുല്യത ഉണ്ടാകുന്നില്ല.

Published

|

Last Updated

പുണെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏണസ്റ്റ് ആന്‍ഡ് യംഗ് (EY) എന്ന കമ്പനിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, 26കാരിയായ അന്ന സെബാസ്റ്റ്യന്റെ അകാലമരണം ഇന്ത്യയിലെ പ്രൊഫഷനല്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദത്തെക്കുറിച്ച് തീവ്രമായ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 20ന് ഹൃദയാഘാതം മൂലമായിരുന്നു അന്നയുടെ മരണം. ജോലി-ജീവിത സമത്വത്തിന്റെ അഭാവം, അമിത തൊഴില്‍ സമയം, തുടര്‍ച്ചയായ മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ പ്രൊഫഷനല്‍ ലോകത്തെ എത്രത്തോളം അപകടകരമാക്കി മാറ്റിയിരിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അന്നയുടെ മരണം.

ജോലി-ജീവിത സമത്വം എന്ന ആശയം വ്യക്തമാക്കുന്നത് ഒരു വ്യക്തിയുടെ ജോലി ജീവിതവും സ്വകാര്യ ജീവിതവും തമ്മിലുള്ള സുഗമമായ സന്ധിയാണ്. അതായത്, തൊഴിലില്‍ ചെലവഴിക്കുന്ന സമയവും കുടുംബത്തിനും വ്യക്തിഗത വളര്‍ച്ചക്കും വേണ്ടി ചെലവഴിക്കുന്ന സമയവും തമ്മില്‍ സമവായം ഉണ്ടായിരിക്കണം. കഠിനമായ മത്സരങ്ങളും ജോലി സംബന്ധമായ സമ്മര്‍ദങ്ങളും തൊഴിലില്‍ നിന്ന് കിട്ടുന്ന പ്രശ്‌നങ്ങളും കാരണം, ജീവനക്കാര്‍ക്ക് ഈ സമവായം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ജോലി-ജീവിത സമത്വം തൊഴിലാളികളുടെ മനോനിലയും ഉത്പാദനക്ഷമതയും കൂട്ടാന്‍ സഹായിക്കുന്നു. വിശ്രമ സമയങ്ങളില്‍ അവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും അവരുടെ മാനസിക നില നല്ലനിലയില്‍ നിലനിര്‍ത്താനും കഴിയും. അതിനാല്‍, ഈ സമവായം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് സ്ഥാപനങ്ങളും പിന്തുണ നല്‍കണം. ജോലിയിലും സ്വകാര്യ ജീവിതത്തിലും ഒരേ സമയം നല്ലവണ്ണം മുന്നോട്ടു പോകുന്നതിനാല്‍ ഉത്പാദനക്ഷമത ഉയര്‍ന്നുവരും. തൊഴിലാളികളുടെ സന്തോഷം വര്‍ധിക്കുകയും ചെയ്യും. ഈ സമവായം ഉറപ്പാക്കുന്നതിനായി, തൊഴിലുടമകള്‍ കൃത്യമായ പ്രവൃത്തി സമയം, ജോലി സമയം, കുടുംബ അവധി തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കണം.

അന്നയുടെ മാതാവ് അനിത അഗസ്റ്റിന്‍, ഇ വൈയുടെ ഇന്ത്യാ ചെയര്‍മാന്‍ രാജീവ് മേമാനിക്ക് അയച്ച കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതാണ് ഈ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. മരണപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് അന്നയെ നെഞ്ചുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉറക്കമില്ലായ്മയും സമയം തെറ്റിയുള്ള ഭക്ഷണവുമാണ് ആരോഗ്യ പ്രശ്‌നം സൃഷ്ടിച്ചതെന്ന് അന്നയെ കാണിച്ച ഡോക്ടര്‍ പറഞ്ഞിരുന്നതായി കത്തില്‍ പറയുന്നുണ്ട്. തൊഴില്‍ സമ്മര്‍ദമാണ് അന്നയുടെ മരണത്തിന്റെ മുഖ്യകാരണമായി കത്തില്‍ വിശദീകരിക്കുന്നത്. അമിത ജോലിസമയം, ആരോഗ്യപരമായ ശ്രദ്ധയില്ലായ്മ ഇവയെല്ലാം ചേര്‍ന്ന് അന്നയെ മരണത്തിലേക്ക് നയിച്ചു. ഇത് സാധാരണ മരണമല്ല. പ്രൊഫഷനല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെ കടുത്ത തൊഴില്‍ ചൂഷണത്തിന്റെ പരിണത ഫലമാണ് ഈ മരണമെന്നാണ് മനസ്സിലാക്കേണ്ടത്.

ഇന്ത്യയില്‍ പ്രൊഫഷനല്‍ മേഖലയില്‍ ജോലി-ജീവിത സമത്വത്തിന്റെ അഭാവം വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. അനിതയുടെ കത്ത് സൂചിപ്പിക്കുന്നതുപോലെ, ഉറക്കക്കുറവും സമയം തെറ്റിയ ഭക്ഷണവും ഉള്‍പ്പെടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രവണതകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍, അന്ന ഇന്ന് ജീവിച്ചിരിക്കാന്‍ സാധ്യതയുണ്ടായിരുന്നു. 2024 സെപ്തംബര്‍ 23ന് ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച “പ്രൊഫഷനല്‍ ഇന്ത്യന്‍ വുമണ്‍ വര്‍ക്ക് ദി മോസ്റ്റ് ഹോഴ്‌സ് ഗ്ലോബലി’ എന്ന ലേഖനത്തില്‍, കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍, സമ്പവി പാര്‍ഥസാരതിയും വിഘ്‌നേഷ് രാധാകൃഷ്ണനും പറയുന്നത്, ലോകത്ത് തന്നെ പ്രൊഫഷനല്‍ തൊഴില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി സമയം ഇന്ത്യയിലാണെന്നാണ്. അതിനാല്‍ ഇന്ത്യയിലെ പ്രൊഫഷനലുകള്‍ക്ക് ജോലി-ജീവിത തുല്യത ഉണ്ടാകുന്നില്ല. അതിനാല്‍ തന്നെ അവര്‍ക്ക് ജോലി ബാധ്യതകളും വ്യക്തിപരമായ ജീവിതത്തിന്റെ അഭാവവും മൂലം മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങള്‍ നേരിടേണ്ടിവരുന്നു.

ഇന്ത്യയില്‍ ഇത്തരം പ്രൊഫഷനല്‍ തൊഴില്‍ മേഖലയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മാ നിരക്കു മൂലം, തൊഴിലാളികളെ കുറഞ്ഞ വേതനത്തിന് ലഭിക്കുന്നു. ഒപ്പം അമിത സമയം ജോലി ചെയ്യിപ്പിക്കാനും അവസരമൊരുങ്ങുന്നു. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മാ നിരക്ക് മൂലം വലിയ രീതിയില്‍ ചൂഷണം നടത്താന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ തൊഴില്‍ മേഖലയിലും തൊഴിലില്ലായ്മാ നിരക്ക് അതിരൂക്ഷമാണ്. എന്നിട്ടും അത് പരിഹരിക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കപ്പെടുന്നില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിലും നാമത് കണ്ടു. കോര്‍പറേറ്റുകളെ കൂട്ടുപിടിച്ച് ചങ്ങാത്ത മുതലാളിത്തം പനപോലെ വളര്‍ത്തി അതിലൂടെ ഫൈവ് ട്രില്യന്‍ സമ്പദ് വ്യവസ്ഥയെ സ്വപ്‌നം കാണുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് ഇനിയും എത്രയോ അന്നമാരെ ഇതുപോലെ മരണത്തിലേക്ക് തള്ളിവിടുന്നുണ്ടാകാം.

അബ്രഹാം മസ്ലോയുടെ മനുഷ്യാവശ്യങ്ങളുടെ ശ്രേണീകൃത സിദ്ധാന്തത്തില്‍ പറയുന്നത് പോലെ, നമ്മുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഉറക്കം, ഭക്ഷണം, വീട്, ആരോഗ്യം എന്നിവ ഏറെ പ്രധാനമാണ്. കോര്‍പറേറ്റുകളുടെ നിയന്ത്രണങ്ങള്‍ മൂലം ജോലിയും ജീവിതവും തമ്മിലുള്ള ശരിയായ സമത്വം ഇല്ലായ്മ ചെയ്യപ്പെടുന്നു. അത് ജീവിതത്തില്‍ മാനസികവും ശാരീരികവുമായ പ്രതിസന്ധികള്‍ രൂപപ്പെടുത്തുന്നു. പ്രൊഫഷനല്‍ മേഖലയില്‍ ആദ്യം ദൃശ്യമാകുന്ന പ്രശ്‌നം ഈ സമത്വം സൂക്ഷിക്കപ്പെടുന്നില്ല എന്നതാണ്.

ഇന്ത്യയില്‍ പ്രൊഫഷനല്‍ മേഖലയില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. അതിന് പ്രധാന കാരണം സ്ത്രീകളുടെ വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതിയാണ്. എന്നാല്‍ ഇത്തരം തൊഴില്‍ മേഖലകളിലേക്ക് കടന്നുവരുമ്പോള്‍ സ്ത്രീകള്‍ നിരവധി വിവേചനങ്ങള്‍ നേരിടേണ്ടി വരുന്നു. ലഭിക്കുന്ന വേതനത്തിലും തൊഴില്‍ സമയത്തിലും അവര്‍ വിവേചനം നേരിടുന്നു. ഇതിനെല്ലാം പുറമെയാണ് തൊഴില്‍ സ്ഥാപനത്തില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗിക ചൂഷണങ്ങള്‍. നഗരങ്ങളിലെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഒമ്പത് മുതല്‍ 11 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടി വരുന്നു. ഐ ടി രംഗത്തുള്ള സ്ത്രീകള്‍ ശരാശരി ആഴ്ചയില്‍ 56 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നു. ഔദ്യോഗിക ജോലിക്കു ശേഷം വീട്ടില്‍ വന്നതിന് ശേഷവും അവര്‍ക്ക് ജോലി തുടരേണ്ടിവരുന്നു. മറ്റു വികസിത രാജ്യങ്ങളിലെ സ്ത്രീകള്‍ ആഴ്ചയില്‍ 32 മുതല്‍ 40 മണിക്കൂര്‍ മാത്രമാണ് ഈ മേഖലകളില്‍ ജോലി ചെയ്യേണ്ടി വരുന്നത് എന്നറിയുമ്പോഴാണ് ഇന്ത്യന്‍ കോര്‍പറേറ്റ് മുതലാളിത്തം എങ്ങനെയാണ് തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് എന്ന് തിരിച്ചറിയാന്‍ സാധിക്കുക.

ഇത്തരം തൊഴില്‍ മേഖലകളില്‍ തൊഴിലാളികള്‍ക്ക് ജോലി-ജീവിത തുല്യത ഉറപ്പ് വരുത്താനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷമുണ്ടാക്കാനും സ്ത്രീ-പുരുഷ വിവേചനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട നിയമങ്ങളും പദ്ധതികളും ഭരണകൂടം മുന്‍കൈയെടുത്ത് സൃഷ്ടിക്കണം. അല്ലാത്തപക്ഷം തൊഴില്‍ സമ്മര്‍ദം മൂലം പ്രൊഫഷനല്‍ തൊഴില്‍ മേഖലകളില്‍ ഇനിയും അന്നമാര്‍ ഉണ്ടായിക്കൊണ്ടിരിക്കും.