National
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷാര്‍ത്ഥി തൂങ്ങി മരിച്ചു
രാജസ്ഥാനിലെ കോച്ചിംഗ് കേന്ദ്രമായ കോട്ടയില്‍ ഈ വര്‍ഷം ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
ജയ്പുര്‍| രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. റാഞ്ചി സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് നഗരത്തിലെ ബ്ലേസ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജസ്ഥാനിലെ കോച്ചിംഗ് കേന്ദ്രമായ കോട്ടയില്‍ ഈ വര്‍ഷം ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്.
ജെഇഇ, നീറ്റ് എന്നീ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പ്രതിവര്‍ഷം രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കോട്ടയിലേക്ക് എത്തുന്നത്. രാജസ്ഥാന്‍ പോലീസിന്റെ കണക്കു പ്രകാരം കോട്ടയില്‍, 2022 ല്‍ 15 പേരും 2019-ല്‍ 18, 2018-ല്‍ 20, 2017-ല്‍ ഏഴ്, 2016-ല്‍ 17, 2015-ല്‍ 18 പേര്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2020-ലും 2021-ലും കൊവിഡ്-19 കാരണം കോച്ചിംഗ് സെന്ററുകള്‍ അടച്ചിരുന്നതിനാല്‍ ആത്മഹത്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കോട്ടയിലെ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍, എല്ലാ ഹോസ്റ്റല്‍ മുറികളിലും പേയിംഗ് ഗസ്റ്റ് സ്ഥലങ്ങളിലും സ്പ്രിംഗ് ലോഡഡ് ഫാനുകള്‍ നിര്‍ബന്ധമാക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഒഴിവാക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയും നിര്‍ദേശം ആരാഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)