Connect with us

National

നീറ്റ് കേസ്: ചോദ്യ പേപ്പര്‍ ചോര്‍ന്നിട്ടില്ല, സമയനഷ്ടം മൂലമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ ടി എ

ക്രമക്കേട് നടന്നെന്ന ആരോപണം ശരിയല്ല. ഓരോ വിദ്യാര്‍ഥിക്കുമുള്ള പേപ്പറിന് പ്രത്യേക സീരിയല്‍ നമ്പരുണ്ടെന്നും എല്ലായിടത്തും സി സി സി ടി വി നിരീക്ഷണം ശക്തമായിരുന്നുവെന്നും എന്‍ടിഎ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി|രാജ്യത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ്- യു ജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടിഎ). ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാര്‍ക്ക് നല്‍കിയതിനാലാണ്. അതേസമയം ജൂണ്‍ 23ന് നടത്തിയ പുനഃപരീക്ഷയില്‍ ഇവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചിട്ടില്ല. ഹരിയാനയിലെ ഝജ്ജറില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പുനഃപരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്. ഇതോടെ 720ല്‍ 720 മാര്‍ക്കും നേടിയവരുടെ എണ്ണം 67ല്‍നിന്ന് 61 ആയി കുറഞ്ഞെന്നും എന്‍ ടി എ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആദ്യ 100 റാങ്കില്‍ വന്ന വിദ്യാര്‍ത്ഥികള്‍ 56 നഗരങ്ങളിലെ 95 വ്യത്യസ്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവരാണ്. ക്രമക്കേട് നടന്നെന്ന ആരോപണം ശരിയല്ല. ഓരോ വിദ്യാര്‍ഥിക്കുമുള്ള പേപ്പറിന് പ്രത്യേക സീരിയല്‍ നമ്പരുണ്ടെന്നും എല്ലായിടത്തും സി സി സി ടി വി നിരീക്ഷണം ശക്തമായിരുന്നുവെന്നും എന്‍ടിഎ വ്യക്തമാക്കി. ലോക്കുകള്‍ പൊട്ടിയിട്ടില്ല. എവിടെയും ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് കണ്ടെത്താനായിട്ടില്ല. സാമൂഹിക മാധ്യമങ്ങളില്‍ ചോര്‍ന്നെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്നും എന്‍ ടി എ അറിയിച്ചു.

അതേസമയം നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സി ബി ഐ ബിഹാറില്‍നിന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തു. ബിഹാറിലെ ഒറ്റ പരീക്ഷാകേന്ദ്രത്തില്‍ മാത്രമാണ് പേപ്പര്‍ ചോര്‍ന്നതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി ബി ഐ വ്യക്തമാക്കി. വ്യാപക ക്രമക്കേട് നടന്നിട്ടില്ല എന്നാണ് കേന്ദ്രവും കോടതിയെ അറിയിച്ചത്.

പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ പുനഃപരീക്ഷ നടത്തുന്നതില്‍ തീരുമാനമെടുക്കും മുമ്പ് ക്രമക്കേടിന്റെ വ്യാപ്തി അറിയണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ് ജൂലൈ എട്ടിന് നടന്ന വാദത്തില്‍ നിരീക്ഷിച്ചത്. വ്യാപക ക്രമക്കേട് നടന്നിട്ടില്ലെങ്കില്‍ പരിമിതമായ രീതിയില്‍ പുനഃപരീക്ഷ നടത്താമെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

 

 

 

Latest