Connect with us

From the print

നീറ്റ് വിവാദം: ആശങ്കയിൽ വിദ്യാർഥികൾ

ക്രമക്കേടുകൾ ബോധപൂർവമെന്ന് ആരോപണം

Published

|

Last Updated

കോഴിക്കോട് | രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റിൽ ക്രമക്കേട് നടന്നുവെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ വിദ്യാർഥികൾ കടുത്ത ആശങ്കയിൽ. ഹരിയാനയിലെ ഒരു സെന്ററിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ഇത്രയധികം ഒന്നാം റാങ്ക് മുൻകാലങ്ങളിലില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റാങ്ക് ലിസ്റ്റുകളിൽ 720 ൽ 720 മാർക്ക് നേടി ഒന്നാം റാങ്ക് നേടുന്ന വിദ്യാർഥികളുടെ എണ്ണം എപ്പോഴും വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു. എന്നാൽ, ഇത്തവണ ഇത്രയും പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ഈ മേഖലയിലുള്ളവരെ അത്ഭുതപ്പെടുത്തുന്നത്.

ക്രമക്കേട് നടന്നുവെന്ന് ആരോപണമുയർന്ന സാഹചര്യത്തിൽ ഉയർന്ന റാങ്ക് ലഭിച്ചവർ ഉൾപ്പെടെ മെഡിക്കൽ പ്രവേശനം ലഭിക്കുമോ എന്നറിയാതെ ആശങ്കയിലാണ്. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേരും ഗ്രേസ് മാർക്കിലൂടെയാണ് ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ അർഹരായ പല വിദ്യാർഥികളും റാങ്ക് ലിസ്റ്റിന് പുറത്താകുന്നു. ഇത്തരത്തിൽ നിരവധി വിദ്യാർഥികൾ പുറത്തായതായാണ് വിവരം. ചില സെന്ററുകളിൽ പരീക്ഷ വൈകിത്തുടങ്ങാനിടയായ സാഹചര്യത്തിൽ സമയം നിശ്ചയിച്ച് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻ ടി എ നൽകിയിരിക്കുന്ന വിശദീകരണം. എൻ സി ഇ ആർ ടി പാഠപുസ്തകത്തിലെ ഉത്തരത്തിലെ പിഴവാണ് ഗ്രേസ് മാർക്കെന്നും വിശദീകരണമുണ്ട്. ഇക്കാര്യത്തിൽ തന്നെ വൈരുധ്യമായ നിലപാടാണ് നാഷനൽ ടെസ്റ്റിംഗ് ഏജൻസി(എൻ ടി എ) സ്വീകരിക്കുന്നതെന്നാണ് ആരോപണം.

15 മിനുട്ടാണ് പലയിടത്തും വൈകിത്തുടങ്ങിയത്. ഒരു ചോദ്യത്തിന് ഉത്തരമെഴുതാൻ കുട്ടിക്ക് ഒരു മിനുട്ട് ശരാശരി സമയം വേണം എന്നത് കണക്കാക്കി 15 മിനുട്ടിന് കൊടുക്കുന്ന ഗ്രേസ് മാർക്ക് 15 ചോദ്യങ്ങൾക്കുള്ളതാണ്. അതായത് 60 മാർക്ക്. അപ്പോൾ 720 കിട്ടിയ ഒരാളുടെ യഥാർഥ മാർക്ക് 680 ആയിരിക്കും.

600 മാർക്കിന് മുകളിൽ എത്തുന്ന കുട്ടികൾക്ക് സാധാരണ ഗതിയിൽ എം ബി ബി എസ് പ്രവേശനം കിട്ടുന്ന സാഹചര്യമാണ്. ഈ വർഷം 660 മാർക്കിന് മുകളിലെങ്കിലും എത്താൻ കഴിഞ്ഞവർക്കേ പ്രവേശനം നൽകു എന്നാണ് തീരുമാനം. ലക്ഷക്കണക്കിന് പേരുടെ ഭാവി നിർണയിക്കുന്ന പരീക്ഷ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്തതിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. വൈകി നടത്തി എല്ലാവർക്കും ഗ്രേസ് മാർക്ക് നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചോദ്യമുയരുന്നത്. നഷ്ടപ്പെട്ട സമയത്തിന് മുഴുവൻ മാർക്ക് കൊടുക്കും എന്നാണെങ്കിൽ ആർക്കൊക്കെ ഗ്രേസ് മാർക്ക് കൊടുക്കും ആർക്കൊക്കെ കിട്ടി എന്നിവയെല്ലാം സംശയാസ്പദമായി തുടരുകയാണ്.

അതേസമയം, ക്രമക്കേടുകൾ നടത്തിയത് ബോധപൂർവമാണെന്നാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേന്ന് ധൃതി പിടിച്ച് പരീക്ഷാ ഫലപ്രഖ്യാപനം നടത്തിയതും ക്രമക്കേടിന് മാധ്യമശ്രദ്ധ ലഭിക്കാതിരിക്കാൻ വേണ്ടിയാണെന്നാണ് വിമർശം. പരാതിയുടെ സാഹചര്യത്തിൽ വിഷയത്തെ കുറിച്ച് പരിശോധിക്കാൻ സമിതിയെ വെച്ചിട്ടുണ്ടെങ്കിലും പരീക്ഷയെഴുതിയ വിദ്യാർഥികൾ ആശങ്കാകുലരാണ്.

180 ചോദ്യങ്ങളാണുള്ളത്. മുഴുവൻ ചോദ്യങ്ങൾക്കും ശരിയുത്തരമെഴുതുന്ന കുട്ടിക്ക് പരമാവധി ലഭിക്കുന്ന മാർക്ക് 720 ആണ്. ഒരു ചോദ്യം കുട്ടി ഒഴിവാക്കിയാൽ നാല് മാർക്ക് കുറഞ്ഞ് 716 ആകും. ഒരു ചോദ്യത്തിന് തെറ്റുത്തരമാണ് എഴുതുന്നതെങ്കിൽ നെഗറ്റീവ് മാർക്ക് കൂടി കുറച്ച് 715 മാർക്കാണ് കിട്ടുക. അതായത് 720 കിട്ടാത്ത സാഹചര്യത്തിൽ തൊട്ടടുത്ത മാർക്ക് 715 അല്ലെങ്കിൽ 716. എന്നാൽ, ഈ വർഷത്തെ നീറ്റ് പരീക്ഷാ റാങ്ക് പട്ടികയിൽ ചരിത്രത്തിൽ ആദ്യമായി 718ഉം 719 ഉം ഒക്കെ മാർക്ക് ലഭിച്ചിട്ടുണ്ട്.

ഗ്രേസ് മാർക്ക് നൽകിയതാണെന്നാണ് ഇതു സംബന്ധിച്ച് നാഷനൽ ടെസ്റ്റിംഗ് ഏജൻസി(എൻ ടി എ)യുടെ വിശദീകരണം. ഇത്തരത്തിൽ ഗ്രേസ് മാർക്ക് നൽകുമെന്ന് എൻ ടി എ നേരത്തേ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് നീറ്റ് പരീക്ഷാ പരിശീലകരുൾപ്പെടെ പറയുന്നത്. ഈ സാഹചര്യത്തിൽ ഗ്രേസ് മാർക്ക് നൽകി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് വൻ തട്ടിപ്പാണെന്നാണ് ആരോപണം. പുനർമൂല്യനിർണയം നടത്തുകയോ പരീക്ഷ വീണ്ടും നടത്തുകയോ ചെയ്യണമെന്നതുൾപ്പെടെ കാര്യങ്ങളാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഈ ആവശ്യങ്ങളിൽ എൻ ടി എ മുഖം തിരിച്ചു നിൽക്കുകയാണ്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest