neet controversy
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി സൂചന; 13 പേര്‍ അറസ്റ്റില്‍, പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍
ജൂണ്‍ 19, 20 തിയതികളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു
ഡല്‍ഹി | നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിവരം പുറത്തുവന്നു. ബീഹാറില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ വിവരങ്ങളാണു പുറത്തുവരുന്നത്. ബീഹാര്‍ ഇക്കണോമിക് ഒഫന്‍സസ് യൂണിറ്റ് (ഇഒയു) നടത്തിയ അന്വേഷണത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നതിന്റെ തെളിവുകള്‍ ലഭ്യമായി എന്നാണ് സൂചനകള്‍ പുറത്തുവരുന്നത്.
നാലു വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും അടക്കം 13 പേര്‍ അറസ്റ്റിലായി. ഒമ്പതുപേര്‍ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കി. 30 ലക്ഷം രൂപ നല്‍കിയവര്‍ക്ക് ചോദ്യ പേപ്പര്‍ ചോര്‍ന്നു കിട്ടി എന്നാണ് പുറത്തു വരുന്ന വിവരം.
നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജൂണ്‍ 19, 20 തിയതികളില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നതായി കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍കളുടെ തീരുമാനം.
ആദ്യം നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ പിന്നീട് നിലപാട് തിരുത്തി എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും ജയ്‌റാം രമേശ് എക്സില്‍ കുറിച്ചു.സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ ക്രമക്കേടില്‍ അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതിനിടെ നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്. പണിമുടക്കിന് ഇന്ത്യാ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.