Connect with us

From the print

നീറ്റ് ഗ്രേസ് മാര്‍ക്ക് റദ്ദാക്കും; 1,563 പേര്‍ക്ക് പുനഃപരീക്ഷ

പരീക്ഷ വേണ്ടാത്തവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ നിലനിര്‍ത്തും. പുനഃപരീക്ഷ 23ന്.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള ഏകീകൃത പരീക്ഷയായ നീറ്റ് യു ജിയില്‍ 1,563 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാനോ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയുള്ള സ്‌കോര്‍ സ്വീകരിക്കാനോയുള്ള അവസരം നല്‍കുമെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കാനു അഗര്‍വാള്‍ അറിയിച്ചു.

വീണ്ടും പരീക്ഷയെഴുതാന്‍ തീരുമാനിക്കുന്നവരുടെ നിലവിലെ സ്‌കോര്‍ റദ്ദാക്കും. പുനഃപരീക്ഷക്ക് ശേഷമുള്ളതായിരിക്കും ഇവരുടെ യഥാര്‍ഥ സ്‌കോര്‍. നീറ്റുമായി ബന്ധപ്പെട്ട വിവാദം പരിശോധിക്കാന്‍ രൂപവത്കരിച്ച സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പദ്ധതി തയ്യാറാക്കിയതെന്നും കേന്ദ്രം വ്യക്തമാക്കി.

പുനഃപരീക്ഷ 23ന് നടത്തുമെന്നും ഫലം 30ന് പ്രസിദ്ധീകരിക്കുമെന്നും എന്‍ ടി എ കോടതിയെ അറിയിച്ചു. രാജ്യത്തെ മെഡിക്കല്‍ കോളജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് അടുത്ത മാസം ആറ് മുതല്‍ ആരംഭിക്കും. എന്‍ ടി എ സമിതിയുടെ ശിപാര്‍ശകള്‍ ന്യായവും യുക്തവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതനുസരിച്ച് പുനഃപരീക്ഷയുമായി മുന്നോട്ട് പോകാം. ഇതോടെ ഗ്രേസ് മാര്‍ക്ക് ചോദ്യം ചെയ്തുള്ള ഹരജികള്‍ ബഞ്ച് തീര്‍പ്പാക്കി.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ഹരജികള്‍ അടുത്ത മാസം എട്ടിന് നീറ്റുമായി ബന്ധപ്പെട്ട ഹരജികളോടൊപ്പം പരിഗണിക്കാന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയ ഹരജികളില്‍ ബഞ്ച് നോട്ടീസ് അയച്ചിട്ടുമുണ്ട്. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച ഹരജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗ്രേസ് മാര്‍ക്ക് നയം, ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് ഉന്നയിച്ചിരുന്നത്.

എന്‍ സി ഇ ആര്‍ ടി 12ാം ക്ലാസ്സ് പാഠപുസ്തകത്തിന്റെ പഴയ പതിപ്പിലെ പിശക് കാരണം ചില വിദ്യാര്‍ഥികള്‍ക്ക് തെറ്റായ ചോദ്യം ലഭിക്കുകയും അവര്‍ക്ക് പരീക്ഷയെഴുതാന്‍ മതിയായ സമയമില്ലാതാകുകയും ചെയ്തതോടെയാണ് ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ ടി എ) 1,563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നാലിനാണ് നീറ്റ് യു ജി ഫലം പ്രഖ്യാപിച്ചത്.
സി ബി ഐ അന്വേഷണം വേണം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ പുതിയ ഹരജി നല്‍കി. വലിയ തോതില്‍ പേപ്പര്‍ ചോര്‍ച്ച സംഭവിച്ചെന്നും പരീക്ഷാ കേന്ദ്രങ്ങളില്‍ കൃത്രിമം നടന്നെന്നും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഒഡിഷ, കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നിവിങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഗുജറാത്തിലെ ഗോധ്രയില്‍ പ്രത്യേക കേന്ദ്രം തിരഞ്ഞെടുത്തത് സംശയാസ്പദമാണ്. മറ്റ് സംസ്ഥാനങ്ങളിലെ 16 വിദ്യാര്‍ഥികള്‍ അധ്യാപകന് പത്ത് ലക്ഷം നല്‍കിയാണ് ഈ പരീക്ഷാ കേന്ദ്രം തിരഞ്ഞെടുത്തത്. പരീക്ഷയില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ അധ്യാപകനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഹരജിയില്‍ ഉന്നയിക്കുന്നു.

ഉത്തര്‍ പ്രദേശിലും ബിഹാറിലും ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംഭവിച്ചു. പേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ളവ പരിഹരിച്ച് പുതിയ നീറ്റ് പരീക്ഷ നടത്തുക, ഹരജി തീര്‍പ്പാക്കുന്നത് വരെ പ്രവേശന നടപടികള്‍ സ്റ്റേ ചെയ്യുക, നീറ്റ് ക്രമക്കേടുകള്‍ അവസാനിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക എന്നീ ആവശ്യങ്ങളും ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്.

 

Latest