Connect with us

From the print

നീറ്റ് ക്രമക്കേട്: സംസ്ഥാനങ്ങളിലെ കേസുകള്‍ സി ബി ഐ ഏറ്റെടുത്തു

ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് കേസുകളുടെ അന്വേഷണം ഏറ്റെടുത്തതായി സി ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് യു ജി ക്രമക്കേടുമായി ബന്ധപ്പെട്ട് ബിഹാറിലേതുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ സി ബി ഐ ഏറ്റെടുത്തു. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യു ജിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളിലെ അഞ്ച് കേസുകളുടെ അന്വേഷണം ഏറ്റെടുത്തതായി സി ബി ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കേസും രാജസ്ഥാനില്‍ നിന്ന് മൂന്ന് കേസുമാണ് ഏറ്റെടുത്തത്. ഇതിന് പ്രത്യേകം എഫ് ഐ ആറുകളും രജിസ്റ്റര്‍ ചെയ്തു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള ഒരു കേസ് ഏറ്റെടുത്തേക്കും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സി ബി ഐ ഇതിനകം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ കൂടി ഏറ്റെടുക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്തിലെ ഗോധ്രയില്‍ സി ബി ഐ സംഘമെത്തി. പ്രതിഷേധം ശക്തമായതോടെയാണ് നീറ്റ് യു ജി പരീക്ഷയിലുണ്ടായ വഞ്ചന, ആള്‍മാറാട്ടം, മറ്റ് ക്രമക്കേടുകള്‍ എന്നിവയെക്കുറിച്ചുള്ള സി ബി ഐ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രാലയം ശിപാര്‍ശ നല്‍കിയത്. യു ജി സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സി ബി ഐ അന്വേഷണം
ഏറ്റെടുത്തിട്ടുണ്ട്.

നീറ്റ് നിര്‍ത്തലാക്കണം
ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ ദേശീയ തലത്തില്‍ നടത്തുന്ന ഏകീകൃത മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യു ജി നിര്‍ത്തലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി എം കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് പിന്നാലെ ഇതേ ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ മമത വ്യക്തമാക്കി. സമാനമായ ആവശ്യം തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നേരത്തേ ഉയര്‍ത്തിയിരുന്നു.

പ്രതിഷേധം ശക്തം
നീറ്റ് യു ജി, യു ജി സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. പാര്‍ലിമെന്റിന് പുറത്ത് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍ പാര്‍ലിമെന്റ് വളയുന്നുവെന്ന പേരില്‍ പ്രതിഷേധിക്കാനെത്തിയ എന്‍ എസ് യു ഐ പ്രവര്‍ത്തകരെ ജന്തര്‍ മന്തറില്‍ നിന്ന് ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

പാര്‍ലിമെന്റ്പരിസരത്ത് പ്രതിഷേധം നടക്കുമെന്ന സൂചന കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പോലീസിന് പുറമെ അര്‍ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. സത്യപ്രതിജ്ഞാ നടപടി പൂര്‍ത്തിയാകുന്നതോടെ പാര്‍ലിമെന്റില്‍ പ്രതിഷേധം ശക്തമാകും.

ഇന്നലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും നീറ്റ് പരീക്ഷയുടെ ചുമതലയുള്ള നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) പിരിച്ചുവിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 

Latest