Connect with us

From the print

നീറ്റ്, നെറ്റ് ക്രമക്കേട്: കേന്ദ്രം പ്രതിക്കൂട്ടില്‍; കേന്ദ്ര വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി

ക്രമക്കേട് കണ്ടെത്തിയത് വിവാദമായതോടെ സമ്മര്‍ദത്തിലായി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെ വിഷയത്തില്‍ സമഗ്ര പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് യു ജി, കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ യു ജി സി നെറ്റ് എന്നീ പരീക്ഷകളില്‍ ക്രമക്കേട് കണ്ടെത്തിയത് വിവാദമായതോടെ സമ്മര്‍ദത്തിലായി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെ വിഷയത്തില്‍ സമഗ്ര പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ആരോഗ്യമന്ത്രി ജെ പി നഡ്ഡ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ്, നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് അടിയന്തര യോഗം ചേര്‍ന്നത്. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നീറ്റ്, നെറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. വ്യാപക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയ നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമായതോടെ ഇതിന്റെ സാധ്യതകളും ചര്‍ച്ച ചെയ്തു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റാരോപിതരില്‍ ചിലര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്ത കേസുകളും ചര്‍ച്ച ചെയ്തു. ക്രമക്കേട് നടന്നിട്ടില്ലെന്ന എന്‍ ടി എ വാദം നിലനില്‍ക്കുന്നതല്ലെന്ന് കേന്ദ്രത്തിന് ബോധ്യമായിട്ടുണ്ട്. നേരത്തേ സുപ്രീം കോടതിയും ഇക്കാര്യം പറഞ്ഞിരുന്നു. തെറ്റുപറ്റിയെങ്കില്‍ സമ്മതിക്കുകയാണ് വേണ്ടതെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചത്. ഇതും വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യത്തിലേക്ക് കേന്ദ്ര സര്‍ക്കാറിനെ എത്തിച്ചു.

പ്രവേശന നടപടികള്‍ ആരംഭിച്ച ശേഷം സുപ്രീം കോടതി പരീക്ഷ റദ്ദാക്കിയാല്‍ അതുണ്ടാക്കുന്ന പ്രതിസന്ധിയും കേന്ദ്രം പരിശോധിക്കുന്നുണ്ട്. നീറ്റ് വിവാദത്തിന് പിന്നാലെ നെറ്റ് പരീക്ഷ റദ്ദാക്കേണ്ടി വന്നത് മോദി സര്‍ക്കാര്‍ രൂപവത്കരിച്ച എന്‍ ടി എയുടെ വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്. എന്‍ ടി എയെ നിരോധിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി വിദ്യാര്‍ഥി സംഘടനകള്‍ തെരുവില്‍ നിലയുറപ്പിച്ചതും കേന്ദ്രത്തെ അസ്വസ്ഥമാക്കുന്നു.

അതിനിടെ, നെറ്റ്, നീറ്റ് ക്രമക്കടുകളില്‍ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രാലയം കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. 20ലധികം വിദ്യാര്‍ഥികളെയും വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ വസതിക്ക് മുമ്പിലും പ്രകടനം നടന്നു.

ഉന്നതതല സമിതി രൂപവത്കരിക്കും: മന്ത്രി
ന്യൂഡല്‍ഹി നീറ്റ്, നെറ്റ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനും എന്‍ ടി എയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും ഉന്നതതല സമിതി രൂപവത്കരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിവാദങ്ങള്‍ക്ക് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എന്‍ ടി എ, അതിന്റെ ഘടന, പ്രവര്‍ത്തനം, പരീക്ഷാ പ്രക്രിയ, സുതാര്യത, ഡാറ്റാ സുരക്ഷാ പ്രോട്ടോക്കോള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകള്‍ ഉന്നതതല സമിതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടുണ്ട്.

ഡാര്‍ക്ക്‌നെറ്റ് വഴി ചോര്‍ന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലിഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ യഥാര്‍ഥ പേപ്പറുമായി യോജിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നെറ്റ് പുനപ്പരീക്ഷാ തീയതി ഉടന്‍
ന്യൂഡല്‍ഹി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ക്ക് പിന്നാലെ റദ്ദാക്കിയ യു ജി സി നെറ്റിന്റെ പുനഃപരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പരീക്ഷയില്‍ ക്രമക്കേട് നടന്നതായുള്ള സൂചന മന്ത്രാലയത്തിന് ലഭിച്ചു. ഇതോടെ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് വിദ്യാഭ്യസ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.