Connect with us

NEET EXAM

നീറ്റ് പി ജി; യുവ ഡോക്ടർമാർ ഫുട്‌ബോളല്ലെന്ന്‌ സുപ്രീം കോടതി

നീറ്റ് പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷാ സിലബസ് അവസാന നിമിഷം മാറ്റിയതിൽ രൂക്ഷ വിമർശം ഉന്നയിച്ച് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡൽഹി | നീറ്റ് പി ജി സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷാ സിലബസ് അവസാന നിമിഷം മാറ്റിയതിൽ രൂക്ഷ വിമർശം ഉന്നയിച്ച് സുപ്രീം കോടതി. സിലബസ് മാറ്റത്തിനെതിരെ 41 പേർ സമർപ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബി വി നാഗരത്‌ന എന്നിവരടങ്ങിയ ബഞ്ചാണ് നാഷനൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ, നാഷനൽ മെഡിക്കൽ കമ്മീഷൻ, കേന്ദ്ര സർക്കാർ എന്നിവർക്കെതിരെ വിമർശം ഉന്നയിച്ചത്. യുവ ഡോക്ടർമാരെ ഫുട്‌ബോൾ പോലെ തട്ടിക്കളിക്കരുതെന്ന് ബഞ്ച് പറഞ്ഞു.

അവബോധമില്ലാത്ത ഉദ്യോഗസ്ഥരുടെ കാരുണ്യത്തിൽ കഴിയാൻ യുവ ഡോക്ടർമാർക്ക് കഴിയില്ല. എന്തുകൊണ്ടാണ് പരീക്ഷാ അറിയിപ്പിന് ശേഷം സിലബസ് മാറ്റിയത്? ഇത്തരം പരീക്ഷകൾക്കായി വിദ്യാർഥികൾ മാസങ്ങളോളം തയ്യാറെടുക്കുന്നതാണ്. നിങ്ങൾ ശക്തരായതുകൊണ്ട് മാത്രമാണ് ഇതുപോലെ അധികാരം പ്രയോഗിക്കുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

പഠനം പരീക്ഷയുടെ രീതി അനുസരിച്ചാണ്. അത് പെട്ടെന്ന് മാറ്റിയാൽ പിന്നെ എന്ത് സംഭവിക്കുമെന്ന് ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. അടുത്ത തിങ്കളാഴ്ച വീണ്ടും വാദം കേൾക്കും. വിഷയത്തിൽ കേന്ദ്ര ഏജൻസികളോട് സത്യവാങ്മൂലം സമർപ്പിക്കാനും ബഞ്ച് ആവശ്യപ്പെട്ടു.

നവംബർ 13, 14 തീയതികളിൽ നടത്താൻ നിശ്ചയിച്ച നീറ്റ് പി ജി സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷയുടെ സിലബസ് ആഗസ്റ്റ് 31ന് മാറ്റിയതിനെതിരെയാണ് വിദ്യാർഥികൾ ഹരജി നൽകിയത്. പുതുക്കിയ സിലബസ് അനുസരിച്ച് എല്ലാ ചോദ്യങ്ങളും ജനറൽ മെഡിസിനിൽ നിന്നായിരിക്കുമെന്നാണ് അറിയിച്ചത്.

---- facebook comment plugin here -----

Latest