National
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; ഝാര്‍ഖണ്ഡില്‍ അഞ്ചുപേര്‍ കൂടി അറസ്റ്റില്‍
പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു.
പട്‌ന | നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കൂടി സാമ്പത്തിക കുറ്റന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെ ദിയോഗഢില്‍ നിന്നാണ് അഞ്ചുപേരെയും അറസ്റ്റ് ചെയ്‌തെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്യലിനായി പട്‌നയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18ആയി. നേരത്തെ അറസ്റ്റിലായ 13പേരില്‍ വിദ്യാര്‍ഥികളും ഇവരുടെ ബന്ധുക്കളും ഉള്‍പ്പെടുമെന്നാണ് വിവരം.
അതേസമയം പൊതുപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് ഇതിനായി കേന്ദ്രം ചുമതലപ്പെടുത്തിയത്.