Connect with us

National

നീറ്റ് പുനപ്പരീക്ഷ എഴുതാതെ 750 വിദ്യാര്‍ഥികള്‍; പരീക്ഷ എഴുതിയത് 813 പേര്‍ മാത്രം

നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികള്‍ക്കാണ് എന്‍ ടി എ ഇന്ന് പുന: പരീക്ഷ നടത്തിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ന് നടന്ന നീറ്റ് പുനപ്പരീക്ഷയില്‍ 48 ശതമാനം വിദ്യാര്‍ഥികള്‍ പങ്കെടുത്തില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് നീറ്റ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികള്‍ക്കാണ് എന്‍ ടി എ ഇന്ന് പുനപ്പരീക്ഷ നടത്തിയത്. ഇതില്‍ 813 വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്ന് എന്‍ ടി എ പറയുന്നു. 52 ശതമാനമാണ് വൈകുന്നേരം വരെയുള്ള ഹാജര്‍ നില. 750 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതാതെ മാറി നിന്നത്.

ഛത്തീസ്ഗഡ്,ഗുജറാത്ത്, ഹരിയാന, മേഘാലയ, കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളാണ് പുന:പരീക്ഷക്കായി എന്‍ ടി എ ഒരുക്കിയത്. ചണ്ഡീഗഡില്‍ പരീക്ഷ എഴുതേണ്ടിയിരുന്ന രണ്ട് പേരും എത്തിയില്ല. ഛത്തീസ്ഗഡില്‍ 602 പേരാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. 311 പേര്‍ പരീക്ഷ എഴുതിയില്ല. 291 പേരാണ് ഇവിടെ പരീക്ഷ എഴുതാനെത്തിയത്.

ഗുജറാത്തില്‍ പരീക്ഷ എഴുതേണ്ടിയിരുന്നത് ഒരാള്‍ മാത്രമായിരുന്നു. ആ വിദ്യാര്‍ഥി പരീക്ഷക്ക് ഹാജരായി. ഹരിയാനയില്‍ 494 പേര്‍ പരീക്ഷ എഴുതേണ്ടിയിരുന്നെങ്കിലും 287 പേര്‍ മാത്രമാണ് ഹാജരായത്. 207 വിദ്യാര്‍ഥികള്‍ ഹാജരായില്ല. മേഘാലയയില്‍ 464 പേര്‍ പരീക്ഷക്ക് യോഗ്യരായിരുന്നെങ്കിലും 234 പേര്‍ പരീക്ഷക്കെത്തി. 230 വിദ്യാര്‍ഥികള്‍ ഹാജരായില്ല. ജൂണ്‍ 30 നാണ് പുന: പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുക.

Latest