NEET EXAM
നീറ്റ് റദ്ദാക്കാനുള്ള ബില്‍ തിരിച്ചയച്ചു; തമിഴ്‌നാട്ടില്‍ ഗവര്‍ണറെ പുറത്താക്കണം എന്ന് ആവശ്യം
സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങളും രാജ്യസഭയില്‍ വാക്ക് ഔട്ട് നടത്തി
ചെന്നൈ | മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷ ഒഴിവാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ ബില്‍ തിരിച്ചയച്ചതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ബില്ലിനെ അനുകൂലുക്കുന്നവര്‍ രംഗത്തെത്തിയതോടെ ട്വിറ്ററില്‍ ‘ഗെറ്റ് ഔട്ട് രവി’ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി. സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. ഇവര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്, തൃണമൂല്‍ അംഗങ്ങളും രാജ്യസഭയില്‍ വാക്ക് ഔട്ട് നടത്തി.
ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടേയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടേയും താത്പര്യത്തിന് വിരുദ്ധമാണ് നടപടി എന്ന് ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ ബില്‍ തിരിച്ചയത്. ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ നടപടിക്കെതിരെ തമിഴ്‌നാട്ടില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ നേതാക്കള്‍ രംഗത്തെത്തി.
ബില്‍ തിരിച്ചയക്കുക വഴി സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ ഭാവിയെ ഗവര്‍ണര്‍ അവഗണിച്ചുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ എസ് അഴഗിരി പറഞ്ഞു. ഡി എം കെ, എ ഐ എ ഡി എം കെ നേതാക്കാളും സഖ്യകക്ഷികളും തീരുമാനത്തിനെതിരെ രംഗത്തെത്തി. ബി ജെ പി മുന്നണിയിലെ പ്രധാന കക്ഷിയായ പട്ടാളി മക്കള്‍ കച്ചി നേതാവ് അന്‍പുമണി രാംദാസ്, ഗവര്‍ണറുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചു. ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്.