National
നീറ്റ് സമ്മർദം: രാജസ്ഥാനിൽ രണ്ട് വിദ്യാർഥികൾ കൂടി ജീവനൊടുക്കി; പരീക്ഷ നിർത്തിവെക്കാൻ കോച്ചിംഗ് സെന്ററുകൾക്ക് നിർദേശം
ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 23 ആയി
ജയ്പൂർ | രാജസ്ഥാനിലെ കോട്ട നഗരം കറുത്ത നഗരമായി മാറുകയാണ്. ഇവിടെ നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ മരണം അവസാനിക്കുന്നില്ല. ഞാററാഴ്ച രണ്ട് വിദ്യാർത്ഥികൾ കൂടി ജീവനൊടുക്കിയതോടെ ഈ വർഷം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 23 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇത് 15 ആയിരുന്നു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടുത്ത രണ്ട് മാസത്തേക്ക് കോട്ടയിലെ ഒരു കോച്ചിംഗ് സെന്ററും പരീക്ഷ നടത്തരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും സുരക്ഷയും നൽകുന്നത് കണക്കിലെടുത്താണ് തീരുമാനം.
മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറുകാരനാണ് ഞായറാഴ്ച ആദ്യം ആത്മഹത്യ ചെയ്തത്. വിഗ്യാൻ നഗറിലെ സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ വീക്കിലി ടെസ്റ്റ് എഴുതിയ ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് സർക്കിൾ ഓഫീസർ ധരം വീർ സിങ് അറിയിച്ചു. ആറ് മണിക്കൂറിന് ശേഷം, രാത്രിയോടെ ബിഹാർ സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഓഗസ്റ്റ് മാസത്തിൽ മാത്രം കോട്ടയിൽ 7 വിദ്യാർഥികൾ ആത്മഹത്യ ചെയ്തു. കോട്ടയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത്, ഭരണകൂടം ഹോസ്റ്റലുകളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുറികളിൽ സ്പ്രിംഗ് ഫാനുകൾ സ്ഥാപിക്കുകയും ഹോസ്റ്റലുകളുടെ ബാൽക്കണികളിലും ലോബികളിലും വലകൾ വിരിക്കുകയും ചെയ്തിട്ടുണ്ട്. 150 കിലോ വരെ ഭാരം താങ്ങാൻ കഴിയുന്ന വലകളാണ് സ്ഥാപിച്ചത്. കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നത് തടയാൻ ഇത് സഹായകരമാണ്.
2015 മുതൽ കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കണക്ക് സർക്കാർ സൂക്ഷിക്കുന്നുണ്ട്. ഇതുപ്രകാരം, 2015ൽ 18 , 2016ൽ 17, 2017ൽ 7, 2018ൽ 20, 2019ൽ 18 എന്നിങ്ങനെയാണ് ആത്മഹത്യാ നിരക്ക്. 2022ൽ 15 പേർ ആത്മഹത്യ ചെയ്തതെങ്കിൽ, ഈ വർഷം ഇതുവരെ 23 വിദ്യാർഥികളാണ് മരിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)