Connect with us

National

നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ചു; പുതിയ തിയ്യതി കോടതിയുടെ തീരുമാനം അനുസരിച്ച്

കൗണ്‍സിലിംഗ് മാറ്റിവെച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി കൗണ്‍സിലിംഗ് മാറ്റിവച്ചു. ഇന്ന് തുടങ്ങാനിരുന്ന കൗണ്‍സിലിംഗാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവയ്ക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. കോടതിയുടെ തീരുമാനമനുസരിച്ചായിരിക്കും പുതിയ തിയ്യതി തീരുമാനിക്കുക.

നീറ്റ് യുജി ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കൗണ്‍സിലിംഗ് നടക്കട്ടെയെന്നാണ് സര്‍ക്കാറും എന്‍ടിഎയും കോടതിയിലടക്കം നിലപാടെടുത്തത്.

എന്നാല്‍ പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കാനിരിക്കുകയാണ്. അതിനിടെയാണ് കൗണ്‍സിലിംഗ് തുടരട്ടേയെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്. കൗണ്‍സിലിംഗ് മാറ്റിവെച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.

അതേസമയം സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. നീറ്റ് യുജി വിഷയം സര്‍ക്കാര്‍ വഷളാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി ഈ സര്‍ക്കാറിന്റെ കയ്യില്‍ സുരക്ഷിതമല്ലെന്നും ജയറാം രമേശ് പ്രതികരിച്ചു.

 

 

Latest