neet ug exam
നീറ്റ് യു ജി പരീക്ഷ ക്രമക്കേട്: മുഖ്യ സൂത്രധാരന്‍ അമിത് സിങിനെ സി ബി ഐ അറസ്റ്റ് ചെയ്തു
നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ ബന്ദ്

ന്യൂഡല്‍ഹി | നീറ്റ് യു ജി പരീക്ഷ ക്രമക്കേടില്‍ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്ന അമിത് സിങിനെ ജാര്‍ഖണ്ഡില്‍ നിന്ന് സി ബി ഐ അറസ്റ്റ് ചെയ്തു. ഹസാരി ബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇസാന്‍ ഉള്‍ ഹഖ്, പരീക്ഷാ സെന്റര്‍ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരടക്കം കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഹസാരി ബാഗിലെ സ്‌കൂളില്‍ നിന്ന് ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ടാണ് പ്രിന്‍സിപ്പലിനെയും പരീക്ഷാ സെന്റര്‍ സൂപ്രണ്ടിനെയുമടക്കം നേരത്തെ സി ബി ഐ അറസ്റ്റ് ചെയ്തത്.
നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ ഗുജാറത്തിലും ബിഹാറിലുമടക്കം സി ബി ഐ റെയ്ഡ് നടത്തി. ഗോദ്ര, അഹമ്മദാബാദ് ഉള്‍പ്പെടെ ഏഴ് ഇടങ്ങളിലാണ് സി ബി ഐ പരിശോധന നടത്തിയത്. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി എസ് എഫ് ഐയും എ ഐ എസ് എഫും വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് സമരാഹ്വാനം. ഇന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സംയുക്തമായി ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ എന്‍ ടി എ പിരിച്ചുവിടണമെന്നും നീറ്റ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട സംഘടനകള്‍ വരും ദിവസങ്ങളിലും സംയുക്ത സമരം തുടരുമെന്ന് അറിയിച്ചു.