National
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: മുഖ്യപ്രതി സി ബി ഐ കസ്റ്റഡിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി | ബിഹാറിലെ നീറ്റ്-യുജി ചോദ്യപേപ്പേർ ചോർച്ച കേസിൽ മുഖ്യപ്രതിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. റോക്കി എന്ന രാകേഷ് രഞ്ജൻ ആണ് പിടിയിലായത്. വ്യാഴാഴ്ച പട്നയിൽ നിന്നാണ് ഇയാളെ സി ബി ഐ സംഘം പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കോടതി 10 ദിവസത്തെ സി ബി ഐ കസ്റ്റഡിയിൽ വിട്ടു.
റോക്കിയുടെ അറസ്റ്റിന് ശേഷം, പാറ്റ്‌നയിലും കൊൽക്കത്തയിലും ഇയാളുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി പരിശോധന നടത്തി. പരിശോധനയിൽ നിരവധി രേഖകൾ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
റോക്കി ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ഹോട്ടൽ നടത്തിയിരുന്നതായി വൃത്തങ്ങൾ അറിയിച്ചു. നീറ്റ് യു ജി ചോദ്യപേപ്പർ ചോർന്നുകിട്ടിയത് റോക്കിക്കാണ്. തുടർന്ന് അയാൾ ഇത് ചിന്തു എന്ന മറ്റൊരാൾക്ക് അയച്ചു. ചിന്തുവാണ് വിദ്യാർത്ഥികൾക്ക് ഇതിന്റെ കോപ്പി കൈമാറിയത്.