Connect with us

സാഹിത്യം

നിഷേധാക്ഷരങ്ങൾ

തെക്കുപടിഞ്ഞാറൻ ചൈനയിലെ വിദൂരസ്ഥമായ മലനിരകളിലൂടെയും വനപ്രദേശങ്ങളിലൂടെയും അദ്ദേഹം നടത്തിയ യാത്രകളുടെ പശ്ചാത്തലത്തിലാണ് നോവൽ രചിക്കപ്പെട്ടത്. ആ നാടുകളിലെ ഗോത്രവർഗക്കാരും ന്യൂനപക്ഷ വിഭാഗക്കാരുമായ ജനതയുടെ നിത്യജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രതിപാദ്യം. ആദ്യമായി തായ്‌വാനിൽ പ്രകാശനം ചെയ്യപ്പെട്ട ഈ നോവൽ വളരെപ്പെട്ടെന്നാണ് ബെസ്റ്റ് സെല്ലറായി മാറിയത്.

Published

|

Last Updated

ചൈനയുടെ സാഹിത്യലോകത്തേക്ക് ആദ്യമായി നൊബേൽ സമ്മാനം കൊണ്ടുവന്ന എഴുത്തുകാരനാണ് ഗാവോ സിങ്ജിയാങ് (Gao Xingjian) നോവൽ, ചെറുകഥ, നാടകം, സാഹിത്യവിമർശം, വിവർത്തനം തുടങ്ങിയ മേഖലകളിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്ന അദ്ദേഹം ചിത്രകാരൻ, സംവിധായകൻ എന്നീ നിലകളിലും വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ചൈനയുടെ നാടകപാരമ്പര്യത്തിൽ പരീക്ഷണ നാടകങ്ങൾക്ക് അരങ്ങൊരുക്കിയതും ജിയാങ് തന്നെ. എന്നാൽ രചനകളിലെ സാമൂഹിക വിമർശനം മൂലം ഭരണകൂടത്തിന്റെ അപ്രീതിക്ക് വിധേയനായതോടെ ജിയാങിന് ചൈനയിൽനിന്നും പലായനം ചെയ്യേണ്ടിവന്നു. ഇപ്പോൾ ഫ്രഞ്ച് പൗരത്വം സ്വീകരിച്ചുകൊണ്ട് ഫ്രാൻസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ഗാവോ സിങ് ജിയാങ്.

കിഴക്കൻ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഗാൻഷുവിൽ 1940 ജനുവരി നാലിനാണ് ജിയാങ് ജനിച്ചത്. ബേങ്ക് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. നാടക കലാകാരിയായിരുന്ന മാതാവ് മകന്റെ മനസ്സിൽ കലാഭിരുചി വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചിരുന്നു. 1962 ൽ ജിയാങ് ബീജിംഗിലെ വിദേശ ഭാഷാ പഠന വകുപ്പിൽനിന്നും ഫ്രഞ്ച് ഭാഷയിൽ ബിരുദം നേടി. അക്കാലത്ത് കഥകളും കവിതകളും നാടകങ്ങളുമായി എഴുത്തിലും അദ്ദേഹം സജീവമായിരുന്നു.ചൈനയിലെ സാമൂഹികയാഥാർഥ്യങ്ങൾക്കെതിരെയുള്ള പ്രതികരണങ്ങളായിരുന്നു അവയെല്ലാം.

സാംസ്കാരികവിപ്ലവത്തെ തുടർന്ന് ചൈനയിലെ സാഹിത്യഭൂമികയിൽ ഭരണകൂടം വലിയ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ ഗാവോ സിങ് ജിയാങ് അധികാരികൾക്ക് അനഭിമതനായി. അദ്ദേഹത്തിന്റെ കൈയെഴുത്ത് പ്രതികൾ ഉൾപ്പെടെയുള്ള എണ്ണമറ്റ രചനകൾ അഗ്നിക്കിരയാക്കപ്പെട്ടു. നിർബന്ധിത കായികാദ്ധ്വാനത്തിനായി അദ്ദേഹത്തെ വിദൂരസ്ഥമായ നാട്ടിൻപുറങ്ങളിലേക്ക് അയച്ചു. അതിനെത്തുടർന്ന് ആറ് വർഷത്തോളം വിവിധ സ്ഥലങ്ങളിൽ പല ജോലികളും ചെയ്തുകൊണ്ട് ജിയാങിന് കഴിച്ചുകൂട്ടേണ്ടി വന്നു. മാവോ സേ തുങിന്റെ ആഹ്വനപ്രകാരം സാഹിത്യരചനയിൽ വിപ്ലവാത്മക കാൽപ്പനികതാവാദവും വിപ്ലവാത്മക യാഥാർഥ്യവാദവും കൊണ്ടുവന്നപ്പോൾ കലയുടെയും സാഹിത്യത്തിന്റെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെതിരെ ജിയാങ് എഴുത്തിലൂടെ പ്രതികരിച്ചു.

അതിനെത്തുടർന്ന് അധികാരികളുടെ നോട്ടപ്പുള്ളിയായിത്തീർന്നതോടെ, അനന്തരഫലങ്ങൾ ഭയന്ന് ഫ്രാൻസിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ പൗരത്വം സ്വീകരിക്കുകയുമായിരുന്നു അദ്ദേഹം. ഗാവോ സിങ് ജിയാങിന്റെ ആദ്യ കൃതി 1979ൽ പ്രസിദ്ധീകരിച്ച A Preliminary Discussion of the Art of Modern Fiction എന്ന വിമർശനഗ്രന്ഥമാണ്. ചൈനയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥകാരന്റെ അവസാനത്തെ രചനയായിരുന്നു ഇത്. തുടർന്ന് അദ്ദേഹത്തിന്റെ നാടകങ്ങളുടെ അവതരണങ്ങൾക്കും വിലക്കേർപ്പെടുത്തിയതോടെ ഗാവോ സിങ് ജിയാങ് എന്ന എഴുത്തുകാരനെ ആ രാജ്യം പൂർണമായും തമസ്കരിക്കുകയായിരുന്നു.അദ്ദേഹത്തിന്റെ നൊബേൽ ലബ്‌ധിപോലും ചൈന അംഗീകരിച്ചില്ലെന്ന് മാത്രമല്ല അതിനെതിരെ അവർ നൊബേൽ കമ്മിറ്റിയുടെ മുൻപാകെ തങ്ങളുടെ പരസ്യമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

ജിയാങിനേക്കാൾ പ്രശസ്തരായ നിരവധി എഴുത്തുകാർ ചൈനയിലുണ്ടെന്നും അവർക്കാർക്കും ലഭിക്കാത്ത നൊബേൽ പുരസ്‌കാരം ജിയാങിന് നൽകിയതിൽ ദുരൂഹതയുണ്ടെന്നും ചൈന ആരോപിച്ചു. ഗാവോ സിങ് ജിയാങിന്റെ ഏറ്റവും വിഖ്യാതമായ നോവൽ Soul Mountain 1989ലാണ് പ്രസിദ്ധീകരിച്ചത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വിദൂരസ്ഥമായ മലനിരകളിലൂടെയും വനപ്രദേശങ്ങളിലൂടെയും മുന്പ് അദ്ദേഹം നടത്തിയ യാത്രകളുടെ പശ്ചാത്തലത്തിലാണ് ഈ നോവൽ രചിക്കപ്പെട്ടത്. ആ നാടുകളിലെ ഗോത്രവർഗക്കാരും ന്യൂനപക്ഷ വിഭാഗക്കാരുമായ ജനതയുടെ നിത്യജീവിത വ്യവഹാരങ്ങളാണ് ഈ നോവലിന്റെ പ്രതിപാദ്യം.

ആദ്യമായി തായ്‌വാനിൽ പ്രകാശനം ചെയ്യപ്പെട്ട ഈ നോവൽ വളരെപ്പെട്ടെന്നാണ് ബെസ്റ്റ് സെല്ലറായി മാറിയത്. A Pigeon Called Red Beak, Collected Plays, The Other Shore, Magnum Opus, One Man’s Bible, Absolute Signal, The Bus Stop എന്നിവയാണ് ജിയാങ്ങിന്റെ മറ്റു പ്രധാന കൃതികൾ. ബെർതോൾത് ബ്രെഹ്ത്, സാമുവൽ ബെക്കറ്റ്, അയോനെസ്ക്കോ തുടങ്ങിയ നാടകരംഗത്തെ മഹാരഥന്മാരുടെ രചനകളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് അദ്ദേഹം രചിച്ച നാടകങ്ങൾ പരീക്ഷണനാടകങ്ങളുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. ഇവരുടെ പ്രശസ്തങ്ങളായ ഒട്ടേറെ നാടകങ്ങൾ അദ്ദേഹം ചൈനീസ്‌ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. ജിയാങ്ങിന്റെ നാടകങ്ങളെല്ലാം അസംബന്ധ, പരീക്ഷണ നാടകങ്ങളുടെ ജനുസ്സിൽ ഉൾപ്പെടുന്നവയാണ്. രാഷ്ട്രീയ സാമൂഹിക വിമർശനങ്ങൾ അവയിൽ സമൃദ്ധമായി കാണാം.

“സാർവദേശീയപ്രസക്തിയുള്ള പ്രതിപാദ്യവിഷയങ്ങൾ, സൂക്ഷ്മവും തിക്തവുമായ അന്തർദർശനം, സവിശേഷമായ ഭാഷാചാതുര്യം എന്നിവകൊണ്ട് ചൈനയുടെ നോവൽ – നാടകസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന കലാസൃഷികളെ’ന്നാണ് ജിയാങ്ങിന്റെ രചനകളെ നൊബേൽ പുരസ്കാരസമിതി വിലയിരുത്തിയത്.അതോടൊപ്പം, ഭരണകൂടത്തിന്റെ സംഘടിത ചരിത്രത്തെ അതിജീവിക്കുന്നതിനായി വ്യക്തികൾ നടത്തുന്ന പോരാട്ടങ്ങളിൽനിന്നും ആർജിക്കുന്ന ഊർജമാണ് ജിയാങ്ങിന്റെ രചനകൾക്ക് ഉൾക്കരുത്ത് നൽകുന്നതെന്ന നിരൂപകമതവും പ്രസക്തമത്രെ.എന്നാൽ , തന്റെ രാജ്യത്തെ നിലവിലുള്ള സാമൂഹിക വ്യവസ്ഥിതികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുമ്പോഴും ജിയാങ്ങിന്റെ രചനകൾ ഉയർത്തിക്കാട്ടുന്ന വലിയൊരു സത്യമുണ്ട്. ശക്തമായ അധികാര ഘടനക്കെതിരെയുള്ള വ്യക്തികളുടെ പോരാട്ടങ്ങളെല്ലാം മിക്കപ്പോഴും തമസ്കരിക്കപ്പെടുകയോ നിശ്ശബ്ദമാക്കപ്പെടുകയോ ചെയ്യുന്നു എന്നതാണത്.

Latest