Connect with us

National

നെഹ്റു സ്മാരകത്തിന്റെ പേരുമാറ്റം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്

എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| നെഹ്റു സ്മാരകത്തിന്റെ പേരുമാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നെഹ്റുവിന്റെ പൈതൃകത്തെ നിഷേധിക്കുക, വളച്ചൊടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) പേര് മാറ്റി ‘പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കിയ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

നിരന്തരമായ ആക്രമണങ്ങള്‍ക്കിടയിലും ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ലോകത്തിന് മുന്നില്‍ നിലനില്‍ക്കുമെന്നും വരും തലമുറകള്‍ക്ക് അദ്ദേഹം പ്രചോദനം നല്‍കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു.

എന്‍എംഎംഎല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മ്യൂസിയത്തിന്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ പകുതിയോടെ ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പിഎംഎംഎല്‍ സൊസൈറ്റി എന്നാക്കി പേര് മാറ്റാന്‍ തീരുമാനിച്ചത്.

സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. പുനര്‍നാമകരണം പ്രാബല്യത്തില്‍ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എന്‍എംഎംഎല്‍ അധികൃതരുടെ തീരുമാനം.

 

 

Latest