From the print
അയല്‍പ്പക്കം നിസ്സാരമല്ല!
നിങ്ങള്‍ നല്ലവരാണെന്ന് മനസ്സിലാക്കാന്‍ അയല്‍വാസിയോട് ചോദിക്കണമെന്ന നബി (സ)യുടെ ഉപദേശത്തിന്റെ ലക്ഷ്യം അയല്‍പ്പക്ക ബന്ധം അതിപ്രധാനമെന്ന് പഠിപ്പിക്കലാണ്.

അയല്‍പ്പക്കം എന്ന വാക്ക് വിശാല അര്‍ഥങ്ങളുള്ളതാണ്. മനുഷ്യ ജീവിതത്തില്‍ അയല്‍പ്പക്കങ്ങളില്ലാത്ത ഒരു സമയവും ഉണ്ടാകില്ല. വീടിന്റെ അയല്‍പ്പക്കം പോലെ സ്ഥാപനത്തിന്റെയും താമസ സ്ഥലത്തെയും അയല്‍വാസി, നാടിന്റെ അടുത്തുള്ളവര്‍, രാജ്യത്തിന്റെ അടുത്തുള്ളവര്‍, യാത്രയിലെ സഹയാത്രികന്‍ ഇങ്ങനെ നീണ്ടുപോകും. ഇവരോടുള്ള കടപ്പാട് അറിയുകയും ആ കടപ്പാട് വീട്ടുകയും ചെയ്യുമ്പോള്‍ മാത്രമേ നിങ്ങളിലെ വിശ്വാസത്തിന് സമ്പൂര്‍ണതയുള്ളൂ. നിങ്ങള്‍ നല്ലവരാണെന്ന് മനസ്സിലാക്കാന്‍ അയല്‍വാസിയോട് ചോദിക്കണമെന്ന നബി (സ)യുടെ ഉപദേശത്തിന്റെ ലക്ഷ്യം അയല്‍പ്പക്ക ബന്ധം അതിപ്രധാനമെന്ന് പഠിപ്പിക്കലാണ്.
നിങ്ങളെക്കുറിച്ച് അയല്‍പ്പക്കക്കാരന്‍ നിര്‍ഭയനായാല്‍ മാത്രമേ നിങ്ങള്‍ യഥാര്‍ഥ വിശ്വാസി എന്ന സ്ഥാനത്തുണ്ടാകൂ. എന്താണ് അയല്‍വാസിയുടെ നിര്‍ഭയത്വം കൊണ്ടുദ്ദേശ്യമെന്നല്ലേ ?
അയല്‍വാസിയുടെ അഭിമാനം, സമ്പത്ത്, മറ്റു കാര്യങ്ങള്‍ അവന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും നിങ്ങളാല്‍ സുരക്ഷിതമായിരിക്കുക എന്നതാണ്. നിരന്തരം അയല്‍പ്പക്കക്കാരെ ശല്യപ്പെടുത്തുന്ന ഒരു സ്ത്രീയുടെ അനുഭവം പ്രവാചകരുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. അവള്‍ ആരാധനകളിലെല്ലാം മുന്നിലാണ്. പക്ഷേ, അയല്‍വാസികളെ ഉപദ്രവിക്കും. അവിടുന്ന് പ്രതികരിച്ചത് അവള്‍ നരകത്തിലാണെന്ന പ്രസ്താവനയോടെയാണ്.
അയല്‍വാസി എന്ന ഒറ്റ പരിഗണന മാത്രമാണ് ഇവിടെ പ്രധാനം. മതമോ രാഷ്ട്രീയമോ ഒന്നും തന്നെ പരിഗണിക്കാതെ അയല്‍വാസിയോട് കാണിക്കേണ്ട മര്യാദകളില്‍ നല്ല ശ്രദ്ധയുണ്ടാകണം.
‘എന്നോട് ജീബ്്രീല്‍ (അ) അയല്‍പ്പക്ക ബന്ധം വിശദീകരിച്ച് കഴിയാറായപ്പോള്‍ ഞാന്‍ കരുതി, അയല്‍വാസി അനന്തര സ്വത്തില്‍ കൂടി അവകാശിയാകുമോ എന്ന്. നബി തങ്ങള്‍ ഈ ബന്ധത്തിന്റെ വ്യാപ്തി ബോധ്യപ്പെടുത്താന്‍ പറഞ്ഞ കാര്യമാണിത്. കേവലം തൊട്ടടുത്തുള്ള ഒരു വീട് എന്നതിനപ്പുറം നമ്മുടെ കണ്ണെത്തുന്ന ദൂരത്തുള്ളവരെയെല്ലാം, നാല് ഭാഗങ്ങളിലുമുള്ള നാല്‍പ്പതോളം വീടുകള്‍ അയല്‍പ്പക്കത്തിന്റെ പരിധിയില്‍ വരുമെന്ന വിശദീകരണം പറയുന്നുണ്ട് ഇമാം ഗസാലി (റ).
ആട്ടിന്‍ തല കൈമാറി അയല്‍പക്കങ്ങളില്‍ കയറിയിറങ്ങി ആദ്യം നല്‍കിയ വീട്ടില്‍ തന്നെ തിരിച്ചെത്തിയതും, രണഭൂമിയില്‍ അന്ത്യശ്വാസം വലിക്കുന്ന നിമിഷം ദാഹജലം അടുത്തുള്ള സുഹൃത്തിനയച്ച് അവസാനം വെള്ളപാത്രം അനാഥമായതുമെല്ലാം മദീനയുടെ സൗഹൃദ കഥകളില്‍ പ്രസിദ്ധമാണ്. മദീനയില്‍ ഇസ്്‌ലാം വിഭാവനം ചെയ്ത അയല്‍പ്പക്ക ബോധത്തിന്റെ സ്വാധീനങ്ങള്‍ കൂടിയാണ് ഇതില്‍ വെളിപ്പെടുന്നത്. അയല്‍വാസിയുടെ മൂല്യത്തിനനുസരിച്ച് കൊച്ചു കുടിലിന് പോലും മൂല്യം കൂടിയ സംഭവം ബാഗ്ദാദില്‍ നിന്നുദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മനുഷ്യനെന്നാല്‍ ബന്ധങ്ങളുടെ കൂടി പേരാണല്ലോ? മറ്റ് ജീവികളില്‍ കാണാത്ത ബന്ധങ്ങളും സുഖ, ദുഃഖ കൈമാറ്റങ്ങളും ചേരുമ്പോഴാണ് നമ്മിലെ മനുഷ്യത്വം തന്നെ അര്‍ഥമുള്ളതാകുന്നത്. എന്നാല്‍ മുസ്്‌ലിമായ മനുഷ്യന്‍ എന്നാല്‍ ആ ബന്ധങ്ങളില്‍ വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കി ഫലം നല്‍കുന്ന വടവൃക്ഷമാക്കുക കൂടി ചെയ്യണം. വി. ഖുര്‍ആന്‍ അധ്യായം നാലില്‍ വചനം 36ല്‍ അടുത്തതും അകന്നതും പാര്‍ശ്വത്തുള്ളവനും ഇങ്ങനെ വ്യത്യസ്ത രൂപത്തിലുള്ളവരോട് നന്‍മ പ്രവര്‍ത്തിച്ചോളണം എന്ന ഉഗ്ര കല്‍പ്പനയുണ്ട്.