Connect with us

Kerala

നെന്മാറ ഇരട്ടക്കൊല: പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

പ്രതി ചെന്താമരക്കെതിരായ ജനകീയ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്

Published

|

Last Updated

പാലക്കാട് | നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെ പിടികൂടിയതറിഞ്ഞ് നെന്മാറ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. ജനകീയ പ്രതിഷേധത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. പ്രതി ചെന്താമരക്കെതിരെയായിരുന്നു നാട്ടുകാരുടെ രോഷപ്രകടനം.

ആള്‍ക്കൂട്ടം സൃഷ്ടിച്ച ബഹളത്തില്‍ സ്റ്റേഷന്റെ ഗേറ്റ് തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചത് അടക്കമുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പ്രതിഷേധം അക്രമാസക്തമായതോടെ നാട്ടുകാരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തി വീശേണ്ടി വന്നു. തുടര്‍ന്ന് ചെന്താമരയെ പുലര്‍ച്ചെയോടെ ആലത്തൂര്‍ ഡിവൈ എസ് പി ഓഫീസിലേക്ക് മാറ്റുകയായിരുന്നു. നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പദ്ധതി കൃത്യമായി നടപ്പാക്കിയതിന്റെ സന്തോഷത്തിലാണ് പ്രതി. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കൊല നടത്തുന്നതിന് കൊടുവാള്‍ വാങ്ങിയിരുന്നു. മുന്‍വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണ്. ചെന്താമര പുറത്തിറങ്ങിയാല്‍ ഒരു പ്രദേശത്തിന് മുഴുവന്‍ ഭീഷണിയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

റിമാന്‍ഡിലായ ചെന്താമരക്കായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പഴുതടച്ച കുറ്റപത്രം കോടതിയില്‍ നല്‍കാന്‍ വിശദമായ കസ്റ്റഡി അനിവാര്യമാണെന്ന് പോലീസ് കരുതുമ്പോഴും പ്രതിഷേധങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ചെന്താമരക്ക് ഒളിവില്‍ കഴിയാന്‍ ബന്ധുക്കള്‍ സഹായം നല്‍കിയെന്ന ആരോപണവുമായി അയല്‍വാസി പുഷ്പ രംഗത്തെത്തി.

കൃത്യമായ ആസൂത്രണത്തിലൂടെ പ്രതി നടപ്പാക്കിയ കൊലപാതകമെന്ന് തെളിയിക്കാന്‍ പുനരാവിഷ്‌ക്കരണം അടക്കം ആവശ്യമാണെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരുടെ പ്രതിഷേധം വെല്ലുവിളിയാകുമെന്നതിനാല്‍ രഹസ്യമായായിരിക്കും പോലീസിന്റെ നീക്കങ്ങള്‍. പ്രതിഷേധം തണുത്തശേഷം തെളിവെടുപ്പ് മതിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം.